തിരുവനന്തപുരം: ശമ്പള, ക്ഷാമബത്ത കുടിശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പള നിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതിമായി ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളേജുകളിലെയും ഒ.പി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് സംഘടന അറിയിച്ചു.
ഇതിനുശേഷവും സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒക്ടോബർ 28, നവംബർ 5, 13, 21, 29 എന്നി ദിവസങ്ങളിലും ഒ.പി ബഹിഷ്‌കരണം തുടരും. ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്‌കരിക്കുകയും ചട്ടപ്പടി സമരവും നിസഹകരണ സമരവും തുടരുകയും ചെയ്യും.
ഈ ദിവസങ്ങളിൽ മെഡിക്കൽ കോളേജുകളിലെ ഒ.പികളിൽ ജൂനിയർ ഡോക്ടർമാരുടെയും പി.ജി ഡോക്ടർമാരുടെയും സേവനമേ ഉണ്ടാവുകയുള്ളു. കഴിഞ്ഞ കുറേദിവസമായി നടത്തുന്ന സമരത്തോട് സർക്കാർ മുഖംതിരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ തീരുമാനം. ഒ.പി നിറുത്തിവയ്ക്കുന്നത് അടക്കം കടുത്ത സമരത്തിലേക്ക് നീങ്ങേണ്ടിവന്നത് സർക്കാരിന്റെ പിടിവാശികൊണ്ടാണെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |