ബെംഗളുരു: ബെംഗളുരുവിൽ വനിതാ ഡോക്ടറുടെ അതിക്രൂര കൊലപാതകം പുറത്തുവന്നത് സഹോദരിക്ക് തോന്നിയ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിൽ. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പലതവണ കുത്തിവച്ചാണ് ഡോ. കൃതികയെ ഭർത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. സാധാരണ മരണമായി ഒതുങ്ങിയ കേസ് കൃതികയുടെ സഹോദരി ഡോ. നികിത റെഡ്ഡി ഉന്നയിച്ച സംശയത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു.
വളരെ ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. കൃതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാനും പ്രതി ശ്രമിച്ചു. ഗ്യാസ്ട്രിക് ചികിത്സയ്ക്കെന്ന വ്യാജേന അനസ്തീഷ്യ മരുന്ന് ഘട്ടംഘട്ടമായി കുത്തിവച്ചാണ് ഡോ. മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയത്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന കൃതികയ്ക്ക് സ്വന്തം വീട്ടിൽ വച്ചും ഭാര്യാവീട്ടിൽ വച്ചും ഐ.വി ഫ്ലൂയിഡ് എന്ന വ്യാജേന പ്രോപ്പോഫോൾ എന്ന മരുന്ന് നൽകുകയായിരുന്നു. ഏപ്രിൽ 21 മുതൽ മൂന്നു ദിവസങ്ങളിലായി നൽകിയ മരുന്ന് ശരീരത്തിൽ കലർന്നതോടെ 24ന് കൃതിക കുഴഞ്ഞു വീണു. മരിച്ച നിലയിലാണ് കൃതികയെ ആശുപത്രിയിൽ എത്തിച്ചത്.
പോസ്റ്റ്മോർട്ടം വേണ്ടെന്ന് മഹേന്ദ്ര നിർബന്ധം പിടിച്ചെങ്കിലും ആശുപത്രി അധികൃതർ വഴങ്ങിയില്ല. കൃതികയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് കൃതികയുടെ ശരീരത്തിൽ അനസ്തേഷ്യക്ക് നൽകുന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. മഹേന്ദ്രയെ അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു രണ്ടുകോടി രൂപ ചെലവിട്ട് 2024ൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. സാമ്പത്തിക ഇടപാടും പരസ്ത്രീ ബന്ധവും കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |