താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ഡോ. വിപിനെ ആക്രമിച്ച കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി ഇന്നോ നാളെയോ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിലടക്കം വ്യക്തതവരികയുള്ളൂ.
അതേസമയം, ഇന്നും താമരശ്ശേരി താലൂക്ക് ആലുപത്രിയിലെ ഡോക്ടർമാർ പണിമുടക്കുമെന്നാണ് വിവരം. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമായിരിക്കും കാഷ്വാലിറ്റിയിൽ ചികിത്സ.
ഇന്നലെയും ഒ.പി. ബഹിഷ്കരിച്ച് ഡോക്ടർമാരും ജീവനക്കാരും സമരം നടത്തിയിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുെയും സംഘടനകൾ, സർവീസ് സംഘടനകൾ, സ്റ്റാഫ് വെൽഫയർ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു.
മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിലാണ് പ്രതി ഡോക്ടറെ ആക്രമിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ. വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർ തന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |