വിഴിഞ്ഞം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയിൽ പലയിടത്തും വിള്ളലുകൾ കണ്ടെത്തി.ഇതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വിണ്ടുകീറിയ ഭാഗങ്ങളിലെ കോൺക്രീറ്റ് മുറിച്ചു നീക്കിയശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന് മുൻപേ റോഡ് വീണ്ടുകീറാൻ കാരണം അശാസ്ത്രീയ നിർമ്മാണമാണെന്ന് നാട്ടുകാർ പറയുന്നു. പയറുംമൂട് ജംഗ്ഷൻ മുതൽ കാരോട് വരെയാണ് കോൺക്രീറ്റ് പാതയുള്ളത്. 2023ലാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഗതാഗതത്തിനായി തുറന്നതോടെ ഈ ഭാഗത്ത് നിരവധി അപകടങ്ങളുണ്ടാവാൻ തുടങ്ങി. ഇവിടെ പൊലീസ് ബ്ലാക്ക് സ്പോട്ടായി മുന്നറിയിപ്പ് ബോർഡും വച്ചിരുന്നു. വിണ്ടുകീറിയ ഭാഗങ്ങളിലൊന്നും കോൺക്രീറ്റ് ബലപ്പെടുത്താൻ കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ഓരോ കോൺക്രീറ്റ് ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് മാത്രമാണ് കമ്പി ഉപയോഗിച്ചിരിക്കുന്നത്. 40 അടിയിലേറെ ഉയരത്തിൽ വശങ്ങളിൽ കോൺക്രീറ്റ് ബ്ലോക്ക് അടുക്കി മണ്ണിട്ടാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് പല ഭാഗങ്ങളിലെയും ബോക്കുകൾക്ക് സ്ഥാനചലനമുണ്ടായി മണ്ണ് സർവീസ് റോഡിലേക്ക് വീണു. മണ്ണ് പുറത്തേക്ക് വരാതിരിക്കാനായി റബർഷീറ്റുകൾ തിരുകി വയ്ക്കുകയായിരുന്നു. ബ്ലോക്കുകൾ ഇരുമ്പ് നട്ടും ബോൾട്ടും ഘടിപ്പിച്ച് ബലപ്പെടുത്തിയ നിലയിലാണ്. ഈ വർഷാവസാനം മുതൽ വിഴിഞ്ഞം തുറമുഖത്തു നിന്ന് ഈ റോഡുവഴി തമിഴ്നാട്ടിലേക്ക് കണ്ടെയ്നർ നീക്കം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ റോഡിന്റെ ഉറപ്പിനെക്കുറിച്ച് ആശങ്കയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |