കൊല്ലം: ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബും ചവറ ഐ.ആർ.ഇ ഇന്ത്യ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം സ്റ്റില്ലം 2025ന് മുന്നോടിയായി സെൽഫി പോയിന്റിന്റെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. കന്റോൺമെന്റ് മൈതാനത്തിന് സമീപം വി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള സെൽഫി പോയിന്റിൽ മികച്ച ചിത്രം എടുക്കുന്നവർക്ക് സമ്മാനം നൽകും.
കൊല്ലത്തെ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോപ്രദർശനം 'സ്റ്റില്ലം 2025' പബ്ലിക് ലൈബ്രറിയിലെ ക്വയിലോൺ ആർട്ട് ഗാലറിയിൽ 23 മുതൽ 25വരെയാണ്. ഉദ്ഘാടനം 23ന് വൈകിട്ട് 3ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാമത്സരം, ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ ക്ലാസുകൾ, മൊബൈൽഫോൺ ഫോട്ടോഗ്രാഫി മത്സരം, ക്വിസ് മത്സരം, സെൽഫി പോയിന്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
23ന് രാവിലെ 11ന് ബി ജയചന്ദ്രൻ 'ഫോട്ടോഗ്രാഫിയിലെ പുതിയ പ്രവണതകൾ' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പ്ലസ് ക്ലബ് പ്രസിഡന്റ് ബി.ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. സെക്രട്ടറി സനൽ.ഡി.പ്രേം സ്വാഗതം പറയും. ഐ.ആർ.ഇ.എൽ ഹെഡ് എൻ.എസ്.അജിത്ത്, പ്രതാപ്.ആർ.നായർ എന്നിവർ പങ്കെടുക്കും. കണ്ണൻ നായർ നന്ദി പറയും.
24ന് രാവിലെ 10.30ന് വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോടിന്റെ പ്രഭാഷണം. തുടർന്ന് കുട്ടികളുടെ ചിത്രരചനാമത്സരം എം.മഹേഷ് കുമാർ അദ്ധ്യക്ഷനാകും. രാജ് കിരൺ സ്വാഗതവും സന്ദീപ് നന്ദിയും പറയും. ഉച്ചയ്ക്ക് 2ന് സിനിമാ സംവിധായകരായ ഷാഹി കബീർ, ദിലീഷ് പോത്തൻ എന്നിവരുമായി മുഖാമുഖം. റിങ്കുരാജ് സ്വാഗതവും പി.എൻ.സതീശൻ നന്ദിയും പറയും. 25ന് രാവിലെ 10ന് ചലച്ചിത്രനടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂരിന്റെ പ്രഭാഷണം. പകൽ 12ന് മലയാളം വിക്കിപീഡിയ അഡ്മിൻ കണ്ണൻ ഷൺമുഖത്തിന്റെ 'വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനത്തിന്റെ പുതിയ ആകാശങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ്.
25ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്യും. സനൽ.ഡി.പ്രേം അദ്ധ്യക്ഷനാകും. ജയൻ മഠത്തിൽ സ്വാഗതം പറയും. പ്രകാശ്.ആർ.നായർ, ഡി.ജയകൃഷ്ണൻ എന്നിവർ സംസാരിക്കും. സി.ആർ.ഗിരീഷ് കുമാർ നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |