കൊച്ചി: തകർച്ചാ ഭീഷണിയിലുള്ള വൈറ്റില ആർമി ടവറുകൾ പൊളിച്ചുമാറ്റുന്നതിനു മുമ്പ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫ്ളാറ്റുടമ റിട്ട. കേണൽ സിബി ജോർജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 29 നിലകൾ വീതമുള്ള രണ്ട് ഭീമൻ ടവറുകളാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം പൊളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ശരിയായ അന്വേഷണം നടത്താതെ പൊളിച്ചാൽ പണിത് അഞ്ചാം വർഷം തകർച്ചയിലായതിന്റെ ഉത്തരവാദികൾക്ക് രക്ഷപ്പെടാൻ അവസരമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേന്ദ്രപ്രതിരോധ സെക്രട്ടറി എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഡെപ്യൂട്ടി സൊളിസിറ്റർ ജനറലിന് നിർദേശം നൽകി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഫ്ളാറ്റ് നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ എം.ഡി. റിട്ട.മേജർ ജനറൽ വികൽ സാഹ്നി, മുൻ പ്രോജക്ട് ഡയറക്ടർ റിട്ട. കേണൽ മുരളീധരൻ നായർ, ഫ്ളാറ്റ് ഉടമകളുടെ സംഘടനാ ഭാരവാഹികളും മുൻഭാരവാഹികളുമായ റിട്ട. ബ്രിഗേഡിയർ എൻ.വി. സുനിൽകുമാർ, റിട്ട. മേജർ ജനറൽ പി.പി. രാജഗോപാൽ, റിട്ട. റിയർ അഡ്മിറൽ അശോകൻ പത്മനാഭൻ, റിട്ട. ബ്രിഗേഡിയർ എൻ. ബാലൻ, ടവറുകളുടെ ബലക്ഷയം പരിശോധിച്ച ഏജൻസി ബ്യൂറോ വെരിറ്റാസ് തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ദുരന്ത നിവാരണ നിയമപ്രകാരം തന്നെ എതിർകക്ഷികൾക്കെതിരെ കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും.
125 കോടിയോളം രൂപ മുടക്കി വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ച് ആർമി ടവർ സമുച്ചയം നിർമ്മിച്ചത് കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ആണ്. മൂന്നു ടവറുകളിൽ ബി, സി. ടവറുകളാണ് അതീവ ദുർബലാവസ്ഥയിലായത്. 208 ഫ്ളാറ്റുകൾ രണ്ട് ടവറുകളിലുമായുണ്ട്. ഇതിൽ നൂറിലേറെ പേർ താമസം മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടവറുകൾ പൊളിച്ചു നീക്കി പുനർനിർമ്മിക്കാനും താമസക്കാരെ മാറ്റി പാർപ്പിക്കാനും മറ്റുമായി 175 കോടി നൽകാമെന്ന് എ.ഡബ്‌ള്യു.എച്ച്.ഒ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുന:പരിശോധനാ
ഹർജികൾ 28ന്
നഷ്ടപരിഹാരത്തിലടക്കം വ്യക്തതതേടി അന്തേവാസികളായ സജി തോമസ്, എം.ആർ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സമർപ്പിച്ച പുനപ്പരിശോധനാ ഹർജികൾ ഹൈക്കോടതി 28ന് പരിഗണിക്കാൻ മാറ്റി. ചന്ദേർകുഞ്ച് അപാർട്ട്മെന്റ് പൊളിക്കുമ്പോൾ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പകർപ്പ് എല്ലാ കക്ഷികൾക്കും കൈമാറാൻ തുടർന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദ്ദേശിച്ചു. ഹർജിക്കാർക്ക് മറുപടി സമർപ്പിക്കാൻ സമയം അനുവദിച്ചാണ് കേസ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |