കോതമംഗലം: സീസൺ പകുതി പിന്നിട്ടിട്ടും ചക്കയ്ക്ക് ആവശ്യക്കാരില്ല. നാടെങ്ങുമുള്ള പുരയിടങ്ങളിൽ ചക്ക പ്ലാവിൽക്കിടന്നോ നിലത്തുവീണോ നശിക്കുകയാണ്. എന്നാൽ വലിയ തോതിൽ പ്ലാവ് കൃഷി ചെയ്ത് ചക്ക ഉത്പാദിപ്പിക്കുന്നവർ വിപണി കണ്ടെത്തി വരുമാനം നേടുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളത് എടുത്തശേഷം ബാക്കിയുള്ളവ ആളുകൾ ഉപേക്ഷിക്കുന്നു.
ഓരോ സീസണിന്റെയും തുടക്കത്തിൽ ചക്കയ്ക്ക് വലിയ ഡിമാൻഡാണ്. ഇടിയൻ ചക്ക തേടി കച്ചവടക്കാർ നാടെങ്ങും അലഞ്ഞുതിരിയുന്നു. മികച്ച വിലയും ഉടമകൾക്ക് ലഭിക്കും. ചക്ക മൂപ്പെത്തുന്നതോടെ ഇങ്ങനെയുള്ള കച്ചവടക്കാർ പിൻമാറുന്നു. വിപണി സാദ്ധ്യത പ്രയോജനപ്പെടുത്താൻ പിന്നീട് സംവിധാനങ്ങളില്ലാത്തതുകൊണ്ട് ചക്കയിൽ നിന്നുള്ള വരുമാനവും അവസാനിക്കും. ചക്കക്കുരുവിന്റെ വിപണിമൂല്യവും ആരും കണക്കിലെടുക്കാറില്ല.
ബ്രാൻഡിംഗ് പ്രഖ്യാപനത്തിൽ ഒതുങ്ങി
2018 മുതൽ ചക്ക സംസ്ഥാന ഫലമാണ്. അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നതിൽ 30 ശതമാനം ചക്ക മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കൃഷിവകുപ്പിന്റെ കണക്ക്. ഉത്പാദിപ്പിക്കപ്പെടുന്ന ചക്ക പൂർണമായി ഉപയോഗപ്പെടുത്തുമെന്നും പ്രതിവർഷം 10,000 കോടിയുടെ വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനായി കേരളത്തിൽ നിന്നുള്ള ചക്ക ഒരു ബ്രാൻഡായി അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ ഒതുങ്ങി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള യൂണിറ്റുകൾ വ്യാപകമാക്കാൻ ആലോചനയുണ്ടായിരുന്നു. അതും ഫലപ്രാപ്തിയിലെത്തിയില്ല.
ചക്കക്കുരു സംഭരിക്കണം
നാട്ടിൻപുറങ്ങളിൽ നിന്ന് ചക്കയും ചക്കപ്പഴവും സംഭരിക്കുകയും സംസ്‌കരിച്ച് വിപണിയിലെത്തിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ നേട്ടമാകും. ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശ വിപണിയിലും ചക്ക ഉത്പന്നങ്ങൾക്ക് ഡിമാൻഡുണ്ടാകും. ചെറിയ സംസ്‌കരണ യൂണിറ്റുകൾ വ്യാപകമാക്കിയാൽ ഉത്പാദിപ്പിക്കപ്പെടുന്ന ചക്ക പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കർഷകർ പറയുന്നു. ഇതുവഴി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാകും.
പോഷകമൂല്യമേറെ
രാസവളങ്ങളോ കീടനാശിനികളോ ഒന്നും ഉപയോഗിക്കാതെയാണ് തൊടികളിലും പറമ്പുകളിലുമെല്ലാം പ്ലാവുകൾ തഴച്ചുവളർന്നത്. അതിനാൽ ചക്ക പോഷക സമ്പുഷ്ടമായ ഒരു ഭക്ഷ്യോത്പന്നമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ശരീരത്തിനാവശ്യമായ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് ചക്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |