മഴക്കാലം വരാനും സ്‌കൂൾ തുറക്കാനും ഇനി അധികം ദിനങ്ങളില്ല. ജൂൺ രണ്ടിന് കുട്ടികൾ സ്‌കൂളിലേക്ക് എത്തുമ്പോൾ അവരുടെ സുരക്ഷയ്‌ക്കാണ് ഏറ്റവും വലിയ മുൻഗണന നൽകേണ്ടത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ സ്‌കൂൾ വളപ്പുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാനും മരങ്ങൾ മുറിക്കാനും തീരുമാനമെടുത്തിരിക്കുന്നതും കുട്ടികളുടെ സുരക്ഷയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ്. ഈ വെക്കേഷൻ കാലത്തുതന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതായിരുന്നു. സംസ്ഥാനത്തൊട്ടാകെ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിടഭാഗങ്ങളും സ്‌കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കാനാണ് യോഗം തീരുമാനമെടുത്തിരിക്കുന്നത്. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്‌കൂളുകളിൽ പോലും, സാങ്കേതിക തടസ്സങ്ങൾ കാരണം പൊളിക്കാനാവാതെ പഴയ കെട്ടിടങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ, പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് കിട്ടാത്ത സാഹചര്യവും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമ പ്രകാരം ഇതിന് ആവശ്യമായ നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങാനുമാണ് തീരുമാനമായത്. പൊളിച്ചുനീക്കുന്നതിന്റെ അവശിഷ്ടങ്ങൾ സ്‌കൂൾ കോമ്പൗണ്ടിൽ അവശേഷിപ്പിക്കാതെ പൂർണമായും നീക്കം ചെയ്തില്ലെങ്കിൽ അപകടങ്ങൾക്ക് ഇടയാക്കാവുന്നതാണ്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് അപകടകരമായി വളർന്നുനിൽക്കുന്ന വൃക്ഷശാഖകളും മുറിച്ചുമാറ്റുന്നതായിരിക്കും.
വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ നിലനിൽക്കുന്ന സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകരുത്. മഴക്കാലത്തിന്റെ തീവ്രത എത്രമാത്രം ആയിരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാകാത്തതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ കൂടി മുൻകൂട്ടി കണ്ടുള്ള സുരക്ഷാക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് സ്‌കൂൾ അധികൃതരും മുൻകൈയെടുത്ത് നടപ്പാക്കേണ്ടതാണ്. അതേസമയം, ചുമരുകളുടെ പ്ളാസ്റ്ററിംഗ്, ഫാൾസ് സീലിംഗ് ഇല്ലാത്തത്, ക്ളാസ് മുറിയുടെ വലിപ്പത്തിലെ അപാകതകൾ തുടങ്ങിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഫിറ്റ്‌നസ് നിഷേധിക്കുന്നതും ശരിയല്ല.
മഴക്കാലത്ത് പകർച്ചവ്യാധികൾ പകർന്ന് പിടിക്കാൻ ഇടയുള്ളതിനാൽ വിദ്യാലയ പരിസരങ്ങൾ ശുചീകരിക്കാനുള്ള നടപടികളും ഉണ്ടാവണം.
കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ള യാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പും വിട്ടുവീഴ്ച കൂടാതെ പരിശോധന നടത്തേണ്ടതാണ്. മദ്യപിച്ചിട്ട് ഒരാൾ പോലും കുട്ടികളുടെ വാഹനം ഓടിക്കില്ലെന്നതാണ് ആദ്യം ഉറപ്പാക്കേണ്ടത്. പ്രൈവറ്റ് ബസുകാരും മറ്റും സ്‌കൂൾ കുട്ടികളെ കയറ്റാൻ മടികാണിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്‌താൽ തക്കതായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ലഹരി ഉപയോഗത്തിനുള്ള സാദ്ധ്യതകൾ സ്‌കൂൾ പരിസരങ്ങളിലില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്. ലഹരിക്കെതിരെയുള്ള ബോധവത്‌കരണ പരിപാടികളും തുടക്കത്തിലേ നടത്തേണ്ടതാണ്. പുതുതായി വരുന്ന കുട്ടികളെ സ്വീകരിക്കുന്നതിന്റെ പേരിൽ വലിയ ആഘോഷങ്ങളുണ്ടായില്ലെങ്കിലും തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. പി.ടി.എ, പൂർവ വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയെല്ലാം ഒത്തൊരുമയോടെ നിന്നാൽ മികച്ച ഒരു അദ്ധ്യയന വർഷം നമുക്ക് ഉറപ്പാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |