തളിപ്പറമ്പ്: അശാസ്ത്രീയ റോഡ് നിർമ്മാണത്തെ തുടർന്ന് കുന്നിടിഞ്ഞ കുപ്പത്ത് റോഡും ഓവുചാലും ചെളിമൂടിയ അവസ്ഥയിൽ. ദേശീയപാത പ്രവൃത്തി നടക്കുന്ന കുപ്പം സി.എച്ച് നഗറിലെ പുതിയ റോഡ് ചെളിക്കടിയിലായി. ഒരു മാസം മുമ്പാണ് ഈ റോഡ് റീ ടാറിംഗ് ചെയ്‌തത്.
കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് നിന്ന് ചെളിവെള്ളം കുത്തി ഒഴുകി സി.എച്ച് നഗറിലെ നിരവധി വീടുകൾ അപകടാവസ്ഥയിലായിരുന്നു. തുടർന്ന് പ്രദേശത്തെ സ്ത്രീകളുൾപ്പെടെ ദേശീയപാത ഉപരോധിക്കുകയും ചെയ്‌തിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.
ചുടല എ.ബി.സി ഹൗസിന് എതിർവശത്തെ റോഡിലൂടെ യാണ് ദേശീയപാതയിലെ ചെളി സി.എച്ച് നഗറിലേക്ക് ഒഴുകിയെത്തിയത്. നൂറോളം വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇവിടുത്തെ അരക്കിലോമീറ്റർ റോഡ് പൂർണ മായും ചെളിക്കടിയിലാണ്. ഓവുചാലിലും ചെളി നിറഞ്ഞിട്ടുണ്ട്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചെളി കയറിയ വീടുകൾ ശുചീകരിച്ചു. ജെ.സി.ബികളും ടിപ്പർലോറികളും ഉപയോഗിച്ച് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് റോഡിലെ ചെളി നീക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |