കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തകർന്ന ദേശീയപാതയിലെ കൂളിയങ്കാൽ ഭാഗത്തെ സർവീസ് റോഡിന് ഡ്രൈനേജും സംരക്ഷണ ഭിത്തിയും നിർമ്മിക്കുമെന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനിയും ദേശീയപാത അധികൃതരും നാട്ടുകാർക്ക് ഉറപ്പുനൽകി. പ്രവൃത്തി ഇന്നു മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ദേശീയപാതയിൽ കൂളിയങ്കാൽ അണ്ടർപാസിന് സമീപം ഇന്നലെയാണ് സർവീസ് റോഡ് ഇടിഞ്ഞത്. അരയി ഭാഗത്തേക്ക് പത്തിലേറെ ബസുകൾ അതുവഴി ഓടുന്നുണ്ട്. ബുധനാഴ്ച അതിരാവിലെയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതായി കണ്ടത്. ഏതാണ്ട് നാല് മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടും ബുധനാഴ്ച അധികൃതർ ആരും ഇവിടെ എത്തിയില്ല. എന്നാൽ ഇന്നലെ തഹസിൽദാർ, നഗരസഭ ചെയർപേഴ്സൺ, ലാൻഡ് അക്വിസിഷൻ തഹസിൽദാർ എന്നിവർ സംഭവസ്ഥലത്തെത്തി. ഉച്ചയ്ക്ക് ശേഷം കൺസ്ട്രക്ഷൻ കമ്പനിയുടെയും ദേശീയപാത അധികൃതരും എത്തിയത്. തകർന്ന ഭാഗം വിശദമായി പരിശോധിച്ച അധികൃതർ ഡ്രൈനേജ് പണിത ശേഷം മാത്രമേ റോഡ് പ്രവൃത്തിയിലേക്ക് നീങ്ങുകയുള്ളൂവെന്ന് ഉറപ്പ് നൽകി.ഇതോടൊപ്പം സംരക്ഷണ ഭിത്തിയും നിർമ്മിക്കുമെന്നും സംഘം ഉറപ്പുനൽകി.
അതിനിടെ ബുധനാഴ്ച അർദ്ധരാത്രിയോടെ തകർന്ന ഭാഗം സിമന്റും എം സാന്റും യോജിപ്പിച്ച് അടച്ചത് വിവാദമായിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് കിഴക്കുഭാഗത്തെ റോഡിന്റെ പാർശ്വങ്ങളിൽ കഴിയുന്നത്. മുകൾ ഭാഗത്ത് നിന്നും റോഡ് ഇടിഞ്ഞു വീഴുന്നത് വീടുകളുടെ മുകളിലേക്കായിരിക്കും. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. അശാസ്ത്രീയമായ രീതിയിൽ തകർന്ന ഭാഗം യോജിപ്പിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.
ഇവിടെ റോഡ് അടതോടെ അരയി ഭാഗത്തേക്ക് പോകേണ്ട ബസുകൾ ആറങ്ങാടിയിലെ ഇടുങ്ങിയ റോഡ് വഴിയാണ് അരയിപ്പാലം റോഡിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |