തളിപ്പറമ്പ് (കണ്ണൂർ):നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുസാന്ത് (17), സുഹൃത്തുക്കളായ സർസയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നിവേദ് (17), പറപ്പൂൽ സ്വദേശി അർജുൻ (17), മുള്ളൂൽ സ്വദേശി റിഷഭ് (17) എന്നിവരെ ഒരു സംഘമാളുകൾ ആക്രമിച്ചു. തൃച്ചംബരം ചിന്മയ സ്കൂൾ പരിസരത്തായിരുന്നു സംഭവം.പരിക്കുകളോടെ യദു സാന്തുനെയും സുഹൃത്ത് നിവേദിനെയും തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മറ്റ് രണ്ട് കൂട്ടുകാരെ ചികിത്സ നൽകി വിട്ടയച്ചു.
ചിന്മയ സ്‌കൂളിലെ സഹപാഠിയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു യദുസാന്തും മൂന്ന് കൂട്ടുകാരും. തിരിച്ചുപോകാൻ പുറത്തിറങ്ങിയപ്പോൾ ബൈക്കിലെ ഇന്ധനം തീർന്നതിനെ തുടർന്ന് കൂട്ടുകാരിലൊരാൾ പെട്രോൾ പമ്പിലേക്ക് പോയ സമയത്ത് മറ്റുള്ളവർ ചിന്മയ കോടതി റോഡ് ജംഗ്ഷനിൽ ഇരിക്കുന്നതിനിടയിലാണ് സംഭവം. ചിന്മയ മിഷൻ സ്‌കൂൾ അധികൃതർ സ്ഥാപിച്ച ഉന്നതവിജയികളായ വിദ്യാർത്ഥികളുടെ ഫോട്ടോ പതിച്ച ഫ്ളക്സ് ബോർഡിൽ കല്ലെറിഞ്ഞെന്ന് പറഞ്ഞ് പരിസരവാസികളായ ഒരു സംഘം സംഘടിച്ച് വിദ്യാർത്ഥികളെ ഹെൽമറ്റ് കൊണ്ടും മറ്റും അക്രമിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് സന്തോഷ് കീഴാറ്റൂരും സഹോദരൻ സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറിയുമായ ബിജുമോനും സ്ഥലത്തെത്തിയിരുന്നു. അക്രമത്തിൽ തൃച്ചംബരത്തെ മഹേഷിനെയും കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയും തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡന്റ് കൂടിയാണ് യദു സാന്ത്.
മകനെയും കൂട്ടുകാരെയും ആക്രമിച്ചത് ഒരു സംഘം സാമൂഹ്യവിരുദ്ധരാണെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. മർദ്ദനമേറ്റ് ചോരയൊലിപ്പിച്ച് നിന്ന മകനെ കണ്ടപ്പോൾ പേടി തോന്നിയെന്നും നടൻ പറഞ്ഞു.സ്ഥിരം പ്രശ്നക്കാരായ ക്രിമിനലുകളാണ് അക്രമം നടത്തിയതെന്നും ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്നും നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |