ചെന്നിത്തല: ബാങ്ക് വായ്പയെടുത്തും കെട്ടുതാലി പണയപ്പെടുത്തിയും ഏറെ പ്രതീക്ഷകളോടെ നെൽകൃഷി ഇറക്കിയ ചെന്നിത്തല മൂന്നാം ബ്ലോക്കിൽ വിളവ് കുറഞ്ഞത് കർഷകരെ കടക്കെണിയിലാക്കി. വരിനെല്ലും കവടയും ചെന്നിത്തല മൂന്നാം ബ്ലോക്കിലെ കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. മുൻ വർഷങ്ങളിലെ വിളവിന്റെ അഞ്ചിലൊന്ന് പോലും ഇത്തവണ ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. സർക്കാർ നൽകിയ നെൽ വിത്തുകൾ പകുതി പോലും മുളയ്ക്കാത്തത് ആദ്യമേ കർഷകരെ നിരാശപ്പെടുത്തി. പിന്നീട് കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് നെൽ വിത്ത് വാങ്ങിയായിരുന്നു കൃഷി നടത്തിയത്. അതിലും വേണ്ടത്ര മെച്ചമുണ്ടായില്ല. നെല്ലിന്റെ ശോഷിച്ച വളർച്ചയാണ് കണ്ടത്. വരിനെല്ലിന്റേയും കവടയുടേയും വളർച്ച ദോഷം ചെയ്തു. മടവീഴ്ച ഉണ്ടായതും കൃഷിയെ സാരമായി ബാധിച്ചു. 250 ഏക്കറോളം വരുന്ന പാടത്ത് ചിലർ കൊയ്ത്ത് ഉപേക്ഷിച്ചു മടങ്ങി. ആറ് ഏക്കറിൽ 18 കിന്റൽ നെല്ല് മാത്രമാണ് ലഭിച്ചതെന്ന് പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ തങ്കപ്പൻ പറയുന്നു. കഴിഞ്ഞ കൃഷിയിൽ 140 കിന്റൽ വിളവ് ലഭിച്ച സ്ഥാനത്താണ് 18 ക്വിന്റൽ. വിള നാശത്തിന് ബന്ധപ്പെട്ട ഇൻഷ്വറൻസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |