1.93 ശതമാനം കുറഞ്ഞു
ആലപ്പുഴ: പ്ലസ്ടു പരീക്ഷയിൽ ജില്ലയ്ക്ക് 75.93 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 1.93 ശതമാനം കുറവാണ് ഇത്. കഴിഞ്ഞവർഷം 77.86 ശതമാനമായിരുന്നു വിജയം. റെഗുലർ വിഭാഗത്തിൽ ജില്ലയിൽ 119 സ്കൂളുകളിലായി പരീക്ഷയെഴുതിയ 19679 വിദ്യാർത്ഥികളിൽ 14942 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുട എണ്ണവും ഇക്കുറി കുറഞ്ഞു. 510 എ പ്ലസുകാരാണ് ഇക്കുറി കുറഞ്ഞത്. ഈ വർഷം 1389 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞവർഷം ഇത് 1899 ആയിരുന്നു. ടെക്‌നിക്കൽ സ്കൂൾ വിഭാഗത്തിൽ 53.13 ശതമാനമാണ് വിജയം. 96 പേരാണ് പരീക്ഷയെഴുതിയതില് 51 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. ഇതിൽ രണ്ടുവിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ജില്ലയിൽ 56.61 ശതമാനമാണ് വിജയം. 1226 വിദ്യാർത്ഥിളാണ് പരീക്ഷയെഴുതിയത്. ഇതിൽ 694 പേർ ഉപരിപഠനത്തിന് അർഹത നേടി. 62 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.
അതേസമയം, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കുറി വിജയശതമാനം കൂടി. 76.27 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 1378 പേരിൽ 1051 പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം 73.09 ശതമാനമായിരുന്നു.
കഴിഞ്ഞ വർഷത്തെപോലെ ഇക്കുറിയും പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂൾ മാത്രമാണ് 100 ശതമാനം വിജയം നേടിയത്. പരീക്ഷയെഴുതിയ 36 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു.
ആർക്കും 1200 ഇല്ല
ജില്ലയിൽ വിജയശതമാനം കുറഞ്ഞതോടൊപ്പം ആരും മുഴുവൻ മാർക്കും നേടിയില്ല എന്നത് നിരാശയ്ക്ക് കാരണമായി. കഴിഞ്ഞ വർഷം സയൻസ്-3, ഹ്യുമാനിറ്റീസ്-3 എന്നിങ്ങനെ ആറ് പെൺകുട്ടികൾ 1200ൽ 1200 മാർക്ക് നേടിയിരുന്നു. ഇക്കുറി സംസ്ഥാനത്ത് 41 പേർക്കാണ് മുഴുവൻ മാർക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |