ആറ്റിങ്ങൽ: മംഗലപുരത്ത് സമീപവാസിയുടെ കുത്തേറ്റ തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹ (67) മരിച്ചു. മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പ്രതികാരമായാണ് കുത്തിയതെന്ന് പ്രതി റാഷിദ്,(31)പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം . താഹയെ കൊലപ്പെടുത്താനായി റാഷിദ് വീട്ടിൽ ഓടിക്കയറി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുചാടി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു. ഭാര്യയോടൊപ്പം താഹ ഈ മാസം 28ന് ഹജ്ജ് കർമത്തിന് പോകാനിരിക്കെയാണ് ദാരുണ സംഭവം. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി. റാഷിദ് മുൻപും ഇയാളെ മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |