തൃശൂർ : അധികം വിവാദങ്ങളില്ലാതെ ഉത്സവ സീസൺ സമാപിക്കുമ്പോഴും ഉത്സവങ്ങൾക്ക് മേൽ പതിഞ്ഞ ആന എഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങളിലെ കരിനിഴൽ ഒഴിയുന്നില്ല. പകൽ ആന എഴുന്നള്ളിപ്പ് വിലക്കി പുറത്തുവന്ന ഹൈക്കോടതി വിധിയാണ് പൂരങ്ങളെ ആശങ്കയിലാഴ്ത്തിയത്. ഉത്സവപ്പറമ്പുകളെ വിധി സംഘർഷഭരിതമാക്കുമെന്ന സ്ഥിതി ഉടലെടുത്തു. സുപ്രീം കോടതിയുടെ താത്ക്കാലിക വിധി ആശ്വാസമായി. ചരിത്രത്തിലാദ്യമായി ഗുരുവായൂർ ഏകാദശിയും തൃപ്പുണിത്തുറ ഉത്സവവുമെല്ലാം ഹൈക്കോടതി വിധിയനുസരിച്ച് നടന്നു. കേന്ദ്രസർക്കാറിന് കീഴിലെ പെസോയുടെ വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പിന്നീട് ആശങ്ക പരത്തിയത്. ഇത് പരിഹരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരം സംസ്ഥാനസർക്കാർ നടത്തിയ നീക്കങ്ങളും ഫലം കണ്ടു. ഇതോടെ ഏതാനും വർഷങ്ങൾക്ക് ശേഷം മദ്ധ്യകേരളത്തിലെ വെടിക്കെട്ടിന് പേരു കേട്ട പൂരങ്ങൾക്കെല്ലാം വെടിക്കെട്ട് നടത്താനായി. എന്നാൽ ഈ നീക്കങ്ങളും വിധികളുമെല്ലാം താത്കാലികമാണെന്നതാണ് ആശങ്ക.
എഴുന്നള്ളിപ്പിൽ തുണ സ്റ്റേ മാത്രം
2012ലെ ചട്ടം പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്നാണ് സുപ്രീം കോടതി ഉത്തരവിറങ്ങിയത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് സ്‌റ്റേ നൽകി. ഹൈക്കോടതി ഉത്തരവിൽ പറയും പോലെ ആനകൾക്ക് എങ്ങനെയാണ് മൂന്ന് മീറ്റർ അകലം പാലിക്കാനാകുകയെന്നും ഉത്സവങ്ങൾ പകൽ അഞ്ച് മുതൽ ഒമ്പത് വരെയായതിനാൽ പകൽ എഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വിവാദങ്ങളില്ലാതെ കരിമരുന്ന് പൂരം
വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയന്ത്രണമേറിയതോടെ പല കമ്മിറ്റികളും വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് പിൻവാങ്ങി. അതിനിടയിലാണ് കൂടുതൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ പെസോ നിയമം കടുപ്പിച്ചത്. ഇതോടെ തൃശൂർ പൂരത്തിലെ വെടിക്കെട്ട് വരെ നടക്കുമോയെന്ന ആശങ്കയുയർന്നു. പാലക്കാട് ജില്ലയിലെ നെന്മാറ, കാവശേരി, തൃശൂരിലെ ഉത്രാളിക്കാവ്, അന്തിമഹാകാളൻകാവ്, ആറാട്ടുപുഴ, തൃശൂർ പൂരം, പാവറട്ടി തിരുനാൾ തുടങ്ങി ഭൂരിഭാഗം ആരാധനാലയങ്ങളിലെ ആഘോഷങ്ങൾക്കും വെടിക്കെട്ട് നടത്താനായി. തൃശൂർ പൂരത്തിന് പെസോ നിയമത്തിലെ മാഗസിനുമായി (വെടിക്കെട്ടുപുര) ബന്ധപ്പെട്ട മാനദണ്ഡം ലഘൂകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരം ആ സംവിധാനം തന്നെ പൂരപ്പറമ്പിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |