SignIn
Kerala Kaumudi Online
Monday, 07 July 2025 12.31 AM IST

'കൂട്ട അഴിച്ചുപണി ആവശ്യമില്ല'

Increase Font Size Decrease Font Size Print Page

muraleedharan

കെ. മുരളീധരൻ

കെ.പി.സി.സി മുൻ പ്രസിഡന്റ്

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പുതിയ കെ.പി.സി.സി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങിൽ പല നേതാക്കളും പ്രസംഗിച്ചെങ്കിലും കയ്യടി ഏറെയും ലഭിച്ചത് കെ.മുരളീധരനാണ്. കാരണം,​ പറയാനുള്ള ചില പരമാർത്ഥങ്ങൾ പച്ചയ്ക്കങ്ങ് പറഞ്ഞു. ആർക്കുമുണ്ടായില്ല പരിഭവം. കേരളത്തിലെ കോൺഗ്രസ്, യു.ഡി.എഫ് സമ്മേളനങ്ങളിൽ ഇന്നും പ്രവർത്തകർ ഏറെ ആവേശപൂർവം കാതു കൂർപ്പിക്കുന്നതും അദ്ദേഹത്തിന്റെ വാക്കുകൾക്കാണ്. ചേരുംപടി എരിവും പുളിയും ചേർത്തു വിളമ്പുന്ന വാക്കുകളോട് എതിരാളികൾക്കും നല്ല ബഹുമാനം. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കൂടിയായ കെ. മുരളീധരൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? പുതിയ നേതൃത്വം വന്നല്ലോ. എങ്ങനെയാണ് കാര്യങ്ങൾ.

 പുതിയ നേതൃത്വത്തിന് എല്ലാവരും പിന്തുണ നൽകുക. കാരണം, അടുത്ത രണ്ട് തിരഞ്ഞെടുപ്പുകൾ- ആദ്യം തദ്ദേശവും പിന്നെ നിയമസഭയും ജയിക്കണമല്ലോ. പിന്നാലെയുള്ള പുനഃസംഘടന പ്രധാന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുക. മൂന്നോ നാലോ ജില്ലാ പ്രസിഡന്റുമാരേ പ്രകടനം മോശമായവരുള്ളൂ. അതിൽത്തന്നെ ഒന്നുരണ്ടു പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അത് ഒഴിച്ചു നിറുത്തിയാൽ കൂട്ടത്തോടെ ഒരു അഴിച്ചുപണിയുടെ ആവശ്യമില്ല. ഭാരവാഹികളിൽ കുറെ മാറ്റം വരുത്തണം .ജംബോ കമ്മിറ്റികളുടെ വലിപ്പം കുറയ്ക്കണം. പത്ത് ജില്ലകളിലെങ്കിലും നിലവിലുള്ളവർ തുടരണമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ജില്ലകൾ ഏതൊക്കെ എന്നത് പാർട്ടിയിൽ സംസാരിക്കേണ്ട വിഷയമാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്തുവേണം പുനഃസംഘടന.

അതിനൊപ്പം തന്നെ,​ വോട്ടർപട്ടികയിൽ പേരു ചേർക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സജീവമാക്കണം. അനുകൂലമായ ട്രെൻഡൊക്കെയുണ്ട്. അതിന്റെ ഒരു ഭാഗം കവർന്നെടുക്കാൻ ബി.ജെ.പി സജീവമായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പൂർണമായി യു.ഡി.എഫിലേക്ക് എത്തിക്കണമെങ്കിൽ അടിത്തട്ടിലുള്ള പ്രവർത്തനം ഊർജ്ജിതമാക്കണം. ഭാരവാഹികളെ വയ്ക്കുന്ന സമയത്ത് കഴിവും പ്രവർത്തന പരിചയവും നോക്കി വേണം തീരുമാനമെടുക്കാൻ. വിവാദങ്ങൾ പരമാവധി ഒഴിവാക്കണം. ആ ഒരു നിർദ്ദേശം മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ടു വയ്ക്കാനുള്ളൂ.

.

?​ പുനഃസംഘടനയിൽ ചില അതൃപ്തികളൊക്കെ വന്നിട്ടുണ്ടല്ലോ.

 അതിന് പ്രധാന കാരണം ഭാരവാഹികളായി വച്ചിട്ടുള്ള എല്ലാവരും ജനപ്രതിനിധികളാണ് എന്നതാണ്. ജനപ്രതിനിധികളല്ലാത്ത, ഫുൾടൈം പ്രവർത്തിക്കാൻ കഴിയുന്നവർക്കാണ് പരാതി. അവരെ അക്കോമഡേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും എം.എൽ.എമാരാണ്. അവർക്കെന്തായാലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനങ്ങൾക്ക് ഒരു കരുത്തുണ്ടാവില്ലെന്ന വികാരമാണ് മൊത്തത്തിലുള്ളത്. രണ്ടാമത്, ഒരു സ്ഥാനവുമില്ലാത്ത ഫുൾടൈം പ്രവർത്തകരുണ്ട്. അവർക്ക് അവസരം കിട്ടിയില്ലെന്ന പരാതിയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാന പ്രശ്നം കൂടിയാലോന ഇല്ലെന്നതാണ്.

?​ കൂടിയാലോചന വഴിയാണോ പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.

 ഒരു കൂടിയാലോചനയും ഉണ്ടായില്ല. അതാണ് ചുമതല ഏൽക്കൽ ചടങ്ങിൽ കുറെ എം.പിമാരൊക്കെ മാറി നിന്നതിന് കാരണം. വാസ്തവം വാസ്തവമായിത്തന്നെ കാണണം. പക്ഷെ ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ പിന്നെ അപ്പീലില്ല. അത് അനുസരിച്ചേ പോകൂ.

?​ പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള വിലയിരുത്തൽ...

 സണ്ണിക്ക് പ്രവർത്തന പരിചയമൊക്കെയുണ്ട്. എം.എൽ.എ എന്ന നിലയ്ക്കും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് എന്ന നിലയ്ക്കും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച ആളാണ്. ഇതേവരെ ഏൽപ്പിച്ച ജോലികളൊക്കെ നല്ല നിലയിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ പുതിയൊരു ചുമതലയാണ് നൽകിയിട്ടുള്ളത്. അതിനോട് നീതി പുലർത്താൻ കഴിയുമെന്നാണ് വിശ്വാസം. ഞാൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ സണ്ണി ജോസഫ് ഡി.സി.സി പ്രസിഡന്റായിരുന്നു. അന്ന് നല്ല പെർഫോമൻസ് ആയിരുന്നു. ആ രീതിയിൽ തുടർന്നും പോയാൽ നല്ല നിലയിൽ പ്രവർത്തിക്കാനാവും.

?​ ഇപ്പോഴത്തെ അതൃപ്തി എങ്ങനെ പരിഹരിക്കും.

 അതാണ് നേരത്തെ പറഞ്ഞ കൂട്ടായ ചർച്ചയുടെ കാര്യം. ഇനിയുള്ള ഭാരവാഹികളെ വയ്ക്കുമ്പോൾ ജനപ്രതിനിധികളെ ഒഴിവാക്കണം. പിന്നെ,​ വനിതകൾക്ക് ഒരു പരാതിയുണ്ട്- പട്ടിക വന്നപ്പോൾ അവരിൽ ഒരാളെപ്പോലും ഉൾപ്പെടുത്തിയില്ലെന്ന്. ആ ക്ഷീണം പരിഹരിക്കണം. തുടർന്നുള്ള പദവികളിൽ വനിതകൾക്ക് പ്രാതിനിദ്ധ്യം നൽകണം. ദളിത് പ്രാതിനിദ്ധ്യവും ഉറപ്പാക്കണം.

?​ ഭാരവാഹി നിർണയത്തിൽ സാമുദായിക ഇടപെടലുകൾ ഉണ്ടായോ.

 അനാവശ്യമായി സമുദായങ്ങളെ വലിച്ചിഴച്ചതാണ്. അത് ശരിയല്ല. അടുത്ത സംഘടനാ നോമിനേഷൻ ഇലക്ഷൻ വഴിയാവണം. എങ്കിലേ ഇത്തരം തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാനാവൂ. ഒരു സമുദായവും അങ്ങനെയൊന്നും ഡിമാന്റ് ഉന്നയിച്ചിട്ടില്ല. ബിഷപ്പുമാരോ കത്തോലിക്കാ സഭയോ അടക്കം ഒരു സഭയും ഒരാവശ്യവും ഞങ്ങളോട് പറഞ്ഞിട്ടില്ല.

?​ ശശി തരൂരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം.

 കോൺഗ്രസ് പാർട്ടി വളരെ മുമ്പു കാലം മുതലേ പൂർണമായി രാഷ്ട്രീയക്കാരല്ലാത്തവരെ സഹകരിപ്പിച്ചിട്ടുണ്ട്. ഡി.പി. ധറിനെപ്പോലെയുള്ളവർ ഇന്ദിരാഗാന്ധിയുടെ കാലത്തേ ഉണ്ടായിരുന്നു. അവരൊന്നും രാഷ്ട്രീയത്തിലൂടെ വന്നവരല്ല, നയതന്ത്രരംഗത്തു നിന്ന് വന്നതാണ്. ഇവിടെ,​ മറ്റൊരു കാര്യം കൂടിയുണ്ട്. ഡോ. മൻമോഹൻ സിംഗ് ഉദ്യോഗസ്ഥനായി വന്നയാളാണ്. പക്ഷെ,​ കോൺഗ്രസിൽ ഏറ്റവും കൂടുതൽ അച്ചടക്കം പാലിച്ച വ്യക്തി മൻമോഹൻ സിംഗാണ്. ഒരിക്കലും പാർട്ടിയുടെ ലക്ഷ്മണരേഖയ്ക്ക് അപ്പുറത്തേക്ക് അദ്ദേഹം പോയിട്ടില്ല. നയതന്ത്രമേഖലയിൽ നിന്ന് വന്നിട്ടുള്ളവരും പാർട്ടി നയങ്ങൾക്ക് അനുകൂലമായിട്ടാണ് നിന്നിട്ടുള്ളത്. ഇനിയുള്ളവരും അതേ സമീപനമാണ് സ്വീകരിക്കേണ്ടത്.

?​ അടുത്ത തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സാദ്ധ്യത.

 യു.ഡി.എഫിന് നല്ല വിജയ സാദ്ധ്യതയുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ആ വികാരം പൂർണമായും യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കണം. അതിന്റെ ഭാഗായി യൂത്ത് കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്തണം. മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ കേരളത്തിൽ നടക്കുകയാണ്. എന്നാൽ അവിടെക്കണ്ട ഒരു പ്രതിഭാസം, ചെറുപ്പക്കാർ വരുന്നത് കുറവാണ് എന്നതാണ്. യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരു പദയാത്ര നടത്തി. നല്ല ഇംപാക്ട് ആയിരുന്നു. പോഷക സംഘടനകൾ വഴി അങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ ശക്തി സമാഹരിക്കാൻ സാധിക്കും.

?​ ഘടകക്ഷികളുടെ പ്രതികരണം.

 നേതൃമാറ്റം അവർ സ്വാഗതം ചെയ്തിട്ടുണ്ട്.

?​ ആരായിരിക്കും യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

 മുഖ്യമന്ത്രിക്കാര്യം ഡൽഹിയിൽ നിന്ന് തീരുമാനിക്കും. അതിന് മറ്റു പരിഗണനയൊന്നും വിഷയമല്ല. ജയിച്ചുവരുന്ന എം.എൽ.എമാരുടെ അഭിപ്രായവും ആരായും. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ തീരുമാനിക്കും.

?​ ഈഴവ സമുദായത്തിന് വേണ്ട പ്രാതിനിദ്ധ്യം കിട്ടിയില്ലെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെട്ടോ.

 സമുദായ നേതാക്കൾ അങ്ങനെയുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. സമുദായ നേതാക്കൾ അഭിപ്രായങ്ങൾ പറഞ്ഞാൽ സാധാരണ ഞങ്ങൾ അക്കാര്യത്തിൽ പ്രതികരിക്കാറില്ല. മോശമായിട്ടോ അല്ലാതെയോ ഒരു പ്രതികരണവും നടത്താറില്ല. പക്ഷെ സമുദായങ്ങളുടെ പ്രാതിനിദ്ധ്യം, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കും.

?​ പ്രതിപക്ഷത്തിന്റെ പ്രവർത്തനം.

 മോശപ്പെട്ട പ്രവർത്തനമാണെന്ന് ആരും പറയില്ല. ഒരുപാട് പരിപാടികളൊക്കെ നടത്തിക്കഴിഞ്ഞിട്ടുണ്ട്. പിന്നെ,​ സി.പി.എം പ്രതിപക്ഷത്തിരിക്കും പോലെ ഒരു ഒച്ചയും ബഹളവുമൊന്നുമില്ല- അക്രമവും അടിയും ബഹളവും ലാത്തിച്ചാർജ്ജുമൊക്കെ... ! അത്തരം രീതികളോട് ഞങ്ങൾക്ക് യോജിപ്പില്ല.

?​ വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം.

 പ്രകടനപത്രിക ചർച്ചയിലൂടെ തയ്യാറാക്കണം. കാരണം ഇടതുപക്ഷത്തിന്റെ കോട്ടങ്ങൾ പറയുമ്പോൾ,​ നിങ്ങൾ വന്നാൽ അത് എങ്ങനെ പരിഹരിക്കുമെന്ന് ജനം സ്വാഭാവികമായും ചോദിക്കും. അതിനെ 'കവർഅപ്പ്" ചെയ്യാൻ എന്ത് നടപടി സ്വീകരിക്കും എന്നതിനാണ് പ്രകടന പത്രികയിലൂടെ മറുപടി നൽകേണ്ടത്. അത് ഞങ്ങൾ നടപ്പാക്കും.

TAGS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.