ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്തുള്ള പശ്ചാത്താപം എന്നത്, ഇരയോട് പിന്നീട് തോന്നിത്തുടങ്ങുന്ന സങ്കടമോ സഹാനുഭൂതിയോ കൊണ്ടു മാത്രമല്ല; സ്വയം മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന നാണക്കേടിന്റെ കനംകൊണ്ടു കൂടിയാണ്. പക്ഷേ, പുനർചിന്തനത്തിന്റെയോ പശ്ചാത്താപത്തിന്റെയോ നാണക്കേടിന്റെയോ കണികപോലുമില്ലാതെ, ചില നീചജന്മങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന തെറ്റുകൾ തീർക്കുന്ന ലജ്ജാഭാരത്താൽ കേരളത്തിന്റെ ശിരസ് കുനിഞ്ഞുകുനിഞ്ഞ് പാതാളത്തോളം എത്തിയിരിക്കുന്നു! ആലുവയിൽ നാലര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ്, പൂവിതൾ പോലുള്ള ആ കുരുന്ന്, പിതാവിന്റെ ഉറ്റബന്ധുവിന്റെ ക്രൂരമായ ലൈംഗിക പീഡനങ്ങൾ നിരന്തരം ഏറ്റുവാങ്ങിയിരുന്നുവെന്ന സത്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കുമ്പോഴെല്ലാം 'കേരളമേ ലജ്ജിക്കൂ" എന്ന് മാദ്ധ്യമങ്ങൾ ശീർഷകമെഴുതാറുണ്ട്. ആ തലക്കെട്ടിനും തോന്നുന്നുണ്ടാകും, നാണക്കേട്!
ഒന്നാം ക്ളാസിൽ ചേരാൻ പോലും പ്രായമായിട്ടില്ലാത്ത കുരുന്നുകളുടെ ശരീരവും ജീവനും കശക്കിയെറിയുന്ന കശ്മലന്മാർ പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ തന്നെയാകുന്നു എന്നതാണ് ഏറ്റവും വേദനാജകവും പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളിൽ ആശങ്കയേറ്റുന്നതും. അച്ഛനും അമ്മയും അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകുമ്പോൾ വീട്ടിൽത്തന്നെയോ അയലത്തോ ഉള്ള ബന്ധുക്കളെയാവും മിക്കപ്പോഴും കുഞ്ഞുങ്ങളുടെ സംരക്ഷണം വിശ്വാസപൂർവം ഏല്പിക്കുക. വാത്സല്യത്തെയും കരുതലിനെയും കുറിച്ചുള്ള ആ വിശ്വാസത്തിനാണ് നിർഭാഗ്യവശാൽ ഇത്തരം സംഭവങ്ങൾ കളങ്കമേല്പിക്കുക. ഉറ്റബന്ധുക്കളെപ്പോലും സംശയത്തോടെ കാണുകയും, അവരിൽനിന്നു പോലും സ്വന്തം കുഞ്ഞുങ്ങളെ അകറ്റിനിറുത്തുകയും ചെയ്യേണ്ടിവരുന്നത് കുടുംബ ബന്ധങ്ങളിൽത്തന്നെ ഏല്പിക്കുന്ന പോറലുകൾ ഓർത്തു നോക്കുക. നിസഹായരായ മാതാപിതാക്കളെ കുറ്റം പറയാനാകാത്തത്ര നീചമായ വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്.
അണുകുടുംബങ്ങളിൽ വളരുന്ന കുട്ടികൾ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ചും അവരിൽ ഉടലെടുക്കാവുന്ന ആത്മവിശ്വാസക്കുറവിനെക്കുറിച്ചുമൊക്കെ നമ്മൾ സംസാരിക്കാറുണ്ട്. ആലുവയിലെ നിഷ്ഠുരസംഭവത്തിൽ കൂട്ടുകുടുംബത്തിന്റെ സൗകര്യവും മറവുമാണ് പ്രതി പീഡനത്തിന് അവസരമാക്കിയത്. കൂട്ടുകുടുംബത്തിലായാലും അണുകുടുംബത്തിലായാലും കുഞ്ഞുങ്ങളുടെ ലൈംഗിക സുരക്ഷിതത്വം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്വന്തം അച്ഛനമ്മമാരുടേതു തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുന്നതാണ് കുടുംബാംഗങ്ങളിൽത്തന്നെ ചിലർ കാട്ടുന്ന കാടത്തങ്ങളെക്കുറിച്ചുള്ള വാർത്തകൾ. അച്ഛനമ്മമാർ അറിഞ്ഞാൽപ്പോലും, കുടുബത്തിനുണ്ടാകുന്ന നാണക്കേട് ഭയന്ന് ഇത്തരം സംഭവങ്ങൾ മറച്ചുവയ്ക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ നാണക്കേടിന് അവർ നല്കേണ്ടിവരുന്ന വില, സ്വന്തം കുഞ്ഞിനോടു പുലർത്തേണ്ട നീതിയുടേതാണെന്ന് അവർ ഓർമ്മിക്കുന്നുണ്ടാകില്ല.
വീടുവിട്ടാൽ കുട്ടികൾ അധികം സമയം ചെലവഴിക്കുന്നത് സ്കൂളുകളിലായിരിക്കുമല്ലോ. അദ്ധ്യാപകർ, സ്കൂളുകളിൽ ചൈൽഡ് കൗൺസലിംഗിന് നിയോഗിക്കപ്പെടുന്നവർ, സ്കൂൾ ബസുകളിലെ ആയമാർ, ട്യൂഷൻ ക്ളാസിലെ അദ്ധ്യാപകർ, കുട്ടികൾ വീട്ടിലേക്ക് നടന്നുപോകുന്ന വഴികളിലെ നല്ലവരായ കച്ചവടക്കാർ, വീട്ടുജോലിക്കാർ, സ്വന്തം വീട്ടിൽ ജോലി ചെയ്യുന്ന കാർ ഡ്രൈവർ, അച്ഛനമ്മമാരുടെ സുഹൃത്തുക്കൾ... തുടങ്ങി കുട്ടിയുമായി ഏതെങ്കിലും വിധത്തിൽ അടുപ്പം പുലർത്തേണ്ടിവരുന്ന എല്ലാ നല്ല മനുഷ്യരുടെയും ജാഗ്രതയിൽ വേണം ഇനിയുള്ള കാലം നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരായി വളരുവാൻ! ചിരിക്കുന്ന പൂക്കളെപ്പോലെ സന്തോഷം പകരുന്ന കുഞ്ഞുങ്ങളുടെ ജീവിതം ഒരുനിമിഷംകൊണ്ട് ചീന്തിയെറിയുന്ന നാണംകെട്ട കാമഭ്രാന്തിന്റെ കാലത്ത്, സർക്കാരും സ്കൂൾ അധികൃതരും മാത്രം വിചാരിച്ചാൽ ഉറപ്പിക്കാവുന്നതല്ല ഇവരുടെ സുരക്ഷിതത്വം. കേസും നിയമങ്ങളും നീതിനിർവഹണവുമൊക്കെ കർക്കശവും സത്യസന്ധവുമായിക്കൊള്ളട്ടെ. പക്ഷേ, അതിനെല്ലാം മീതെ ആദ്യം തുറന്നിരിക്കേണ്ടത് നമ്മുടെ കണ്ണുകളാണ്. ഓരോ മനസും പറയട്ടെ: ആ കുഞ്ഞ് എന്റേതാണല്ലോ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |