കൊച്ചി: സ്‌കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ എക്‌സൈസ് നടപടി കർശനമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്‌സൈസ് മുൻകൈയെടുക്കും. പുതിയ അദ്ധ്യയന വർഷത്തെ സ്‌കൂൾതല ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദ്ദേശം.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കൽ മാത്രമായിരുന്നു ഇതുവരെ പതിവ്. ഇനിമുതൽ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് എക്‌സൈസ് കത്ത് നൽകും.
സ്‌കൂളുകളുടെ 100 യാർഡ് (92 മീറ്റർ) പരിധിയിൽ സിഗരറ്റ്, ബീഡി ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ടെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് എക്‌സൈസ് കർശന നിലപാടിലേക്ക് നീങ്ങിയത്.
30ന് മുൻപായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർമാർ സ്വന്തം പരിധിയിലെ സ്‌കൂളുകൾ സന്ദർശിച്ച് പ്രധാനാദ്ധ്യാപകരുമായി ആശയവിനിമയം നടത്തും. സ്‌കൂൾ പരിസരത്ത് മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് വാഹനപരിശോധനയും ശക്തമാക്കും.
ഇടവഴികൾ നിരീക്ഷണത്തിൽ
സ്‌കൂൾ പരിസരത്തെ ഇടവഴികൾ, പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവയെല്ലാം ഇനി എക്‌സൈസിന്റെ രഹസ്യനിരീക്ഷണത്തിലാകും. ജൂൺ രണ്ട് മുതലാരംഭിക്കുന്ന മഫ്തി, ബൈക്ക് പട്രോളിംഗിൽ ഇടവഴികൾക്ക് പ്രത്യേകം ശ്രദ്ധ നൽകും. ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് തുടങ്ങുന്ന നിരീക്ഷണം ക്ലാസ് തുടങ്ങി അരമണിക്കൂർ വരെ നീളും. വൈകിട്ട് സ്‌കൂൾ വിടുന്നതിന് അരമണിക്കൂർ മുമ്പ് തുടങ്ങി ക്ലാസ് വിട്ട് അരമണിക്കൂർ കഴിഞ്ഞ് അവസാനിക്കും. ജൂണിൽ എല്ലാ ദിവസവും മറ്റ് മാസങ്ങളിൽ ആഴ്ചയിലൊരിക്കലും നിരീക്ഷണം തുടരും.
പതിവുകാരെക്കുറിച്ച് അന്വേഷണം
ഇരുചക്രവാഹനങ്ങളിലും കാറുകളിലും സ്ഥിരമായി സ്‌കൂൾ പരിസരത്ത് ചുറ്റിക്കറങ്ങുന്നവർ ലഹരി വിതരണക്കാരല്ലെന്ന് ഉറപ്പുവരുത്താൻ രഹസ്യമായി അന്വേഷണം നടത്തും. വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളല്ലെങ്കിൽ സ്‌കൂൾ പരിസരത്ത് ഇവർ വരുന്നത് എന്തിനാണെന്ന് കണ്ടെത്തണം.
യൂണിഫോം മനസിലാക്കണം
എക്‌സൈസ് ഉദ്യോഗസ്ഥർ തങ്ങളുടെ പരിധിയിൽപ്പെട്ട സ്‌കൂളുകളിലെ യൂണിഫോം കൃത്യമായി മനസിലാക്കണമെന്നും സ്‌കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സ്‌കൂൾ മുഖേന രക്ഷകർത്താക്കളെ അറിയിക്കണമെന്നും കമ്മിഷണറുടെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |