ആലപ്പുഴ :സാരഥി സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അപേക്ഷ നൽകാനും ഫീസൊടുക്കാനും കഴിയാതെ ജനം ദുരിതത്തിലായി. സ്കൂൾ തുറപ്പിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയുൾപ്പെടെ ഫീസ് ഒടുക്കാൻ കഴിയാത്തതിനാൽ തടസപ്പെട്ടു.
കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 'സാരഥി' സോഫ്റ്റ് വെയർ വഴിയാണ് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
രണ്ടാഴ്ചയായി ഇടയ്ക്കിടെ തടസപ്പെട്ടിരുന്ന സോഫ്റ്റ് വെയർ വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പൂർണമായും നിശ്ചലമായി. ഇതോടെ അപേക്ഷ സമർപ്പിക്കാനോ, പുതുക്കാനോ കഴിയാതെയായി. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകരാണ് ഏറെ കുഴയുന്നത്. കാലാവധി കഴിഞ്ഞാൽ പിഴ അടയ്ക്കണം. ലൈസൻസ് പുതുക്കി കിട്ടാതെ വാഹനം ഓടിക്കാനും കഴിയില്ല. നേരത്തെ സമർപ്പിച്ച അപേക്ഷകളിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തവരുമുണ്ട്
സംസ്ഥാനത്ത് നിന്നും ദിവസം കാൽലക്ഷത്തിലേറെപ്പേരാണ് സാരഥി സോഫ്റ്റ് വെയറിന്റെ സേവനം തേടുന്നത്.
സാങ്കേതിക പിഴവ് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിൽ കൃത്യമായ മറുപടി നൽകാൻ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിനും കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |