ആലപ്പുഴ : സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 9.30 ന് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മാരായവി. ശിവൻകുട്ടി, സജി ചെറിയാൻ, പി.പ്രസാദ്, കെ.സി. വേണുഗോപാൽ എം. പി. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8.30 മുതൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിക്കും. 3000 പേർക്ക് സദ്യയും ഒരുക്കിയതായി സംഘാടകർ പത്രസമ്മേളത്തിൽ അറിയിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ആർട്ട് അക്കാദമിയുടെ നേത്യത്വത്തിൽ കലവൂരിൽ ഇന്ന് സ്ട്രീറ്റ് ആർട്ട് സംഘടിപ്പിക്കും. രാവിലെ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആർട്ട് അക്കാദമിയിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്ന ദൃശ്യകലാവിഷ്‌കാരമായ സ്ട്രീറ്റ് ആർട്ടിന് ഇൻസ്ട്രക്ടർമാരായ ആർട്ടിസ്റ്റ് ബിജി രാജഗോപാൽ, ആർട്ടിസ്റ്റ് അമീൻ ഖലീൽ, ആർട്ടിസ്റ്റ് സൂരാജ് എന്നിവർ നേതൃത്വം നൽകും. കലവൂർ സ്‌കൂളിന്റെ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കും.
പ്രവേശനോത്സവത്തിന്റെ വിജയത്തിനായി 27ന് കലവൂരിലെ പൊതുജനങ്ങളിൽ നിന്ന് വിഭവസമാഹരണം നടത്തും. കലവൂർ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും വീടുകളിൽ ചെന്ന് ക്ഷണിക്കും.
പി.പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ് ശ്രീലത, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ എം.എസ് വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ ബിന്ദു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |