മലപ്പുറം: നിലമ്പൂർ ബൈപ്പാസ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 227.18 കോടി രൂപയുടെ ഭരണാനുമതി നൽകി. 2013 മുതൽ വിവിധ തലങ്ങളിൽ ആലോചനകൾ നടക്കുകയും ഒന്നാം ഘട്ടത്തിൽ രണ്ടര കിലോമീറ്ററോളം ഭൂമി ഏറ്റെടുക്കലും എംബാങ്ക്‌മെന്റ് നിർമ്മാണവും നടക്കുകയും ചെയ്തു. ആറുകിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപ്പാസ് പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. 30 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 11 മീറ്റർ കാര്യേജ് വേയും മീഡിയനും ഇരുവശങ്ങളിലും മൂന്ന് മീറ്റർ എർത്തൺ ഷോൾഡറുകളും 1.2 മീറ്റർ നടപ്പാതയും ഡ്രെയ്‌നേജ് സൗകര്യങ്ങളും സംരക്ഷണ ഭിത്തിയും ഉൾപ്പെടുന്നതാണ് നിർദ്ദിഷ്ട പദ്ധതി. പാതയുടെ നിർമ്മാണത്തിനായി ആകെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. ജ്യോതിപ്പടി മുതൽ മുക്കട്ട വരെ 4.387 കിലോമീറ്റർ ആദ്യഘട്ടവും മുക്കട്ട മുതൽ വെളിയംതോട് വരെ രണ്ടാം ഘട്ടവും ഉൾപ്പെടുന്നതാണ് പദ്ധതി. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് 2023ൽ തയ്യാറാക്കിയ സാമൂഹ്യാഘാത പഠനത്തെ അടിസ്ഥാനമാക്കിയാണ് ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുന്നതിനായി 109.8 കോടി രൂപയും പാതയുടെ നിർമ്മാണത്തിന് 93.67 കോടി രൂപയും യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് 23.7 കോടി രൂപയും ചെലവഴിക്കാം. ഒന്നാംഘട്ടത്തിൽ ആദ്യത്തെ 2.46 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുത്തതിന് 35.2 കോടി രൂപയും 1.86 കിലോമീറ്റർ എംബാങ്ക്‌മെന്റ് നിർമ്മിച്ചതിന് 5.27 കോടി രൂപയും ചെലവഴിച്ചിരുന്നു. അവശേഷിക്കുന്ന ഭൂമിക്കും സ്ഥാവര വസ്തുക്കൾക്കുമായി 44.51 കോടി രൂപയ്ക്കും പാതയുടെ നിർമ്മാണത്തിന് 60.4 കോടി രൂപയ്ക്കുമാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന 1.6 കിലോമീറ്റർ ദൂരത്തിൽ ഭൂമിക്കും സ്ഥാവര വസ്തുക്കൾക്കുമായി 30.09 കോടി രൂപയ്ക്കും പാതയുടെ നിർമ്മാണത്തിന് 28 കോടി രൂപയ്ക്കുമാണ് ഭരണാനുമതി. പദ്ധതിക്കാവശ്യമായ സ്ഥലം പൂർണമായും ഏറ്റെടുത്ത് ഉടൻതന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |