കോഴിക്കോട്: മൊഫ്യൂസൽ ബസ്‌സ്റ്രാൻഡിലെ കോർപ്പറേഷൻ കെട്ടിടത്തിലുണ്ടായതുപോലുള്ള തീപിടിത്തം ഒഴിവാക്കാൻ കാലപ്പഴക്കം ഉൾപ്പെടെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തം. ചട്ടവിരുദ്ധമായാണ് നഗരത്തിലെ പല കെട്ടിടങ്ങളും പണിതിട്ടുള്ളത്. അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങളിൽ പാചകം നടത്തുന്നത് തീപിടിത്ത ഭീഷണിയുയർത്തുന്നു. കൊമേഴ്സ്യൽ കെട്ടിടങ്ങളിലാണ് ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്നത്. ഇത് നിയമവിരുദ്ധാണെന്നാണ് ഉയരുന്ന വിമർശനം
തീപിടിത്ത കാരണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇവ വിശദമായി പരിശാധിക്കണം.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ
കോർപ്പറേഷന്റെയോ കച്ചവടക്കാരുടെയോ ഭാഗത്ത് അപാകതയുണ്ടെങ്കിൽ തിരുത്തണം. കെട്ടിടത്തിലെ ഇലക്ട്രിക്ക് പാനൽ ബോർഡ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം.
പി.സി.രാജൻ
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
കോഴിക്കോട് കോർപ്പറേഷൻ
പരസ്പരം പഴിചാരാതെ കോർപ്പറേഷൻ ഉത്തരവാദിത്വം നിർവഹിക്കണം. അഗ്നിരക്ഷ സംവിധാനം കാലാനുസൃതമായി പരിഷ്കരിക്കണം. കളക്ടറുടെ നേതൃത്വത്തിൽ രണ്ടു മാസത്തിലൊരിക്കൽ അവലോകനം നടത്തണം.
പി. രഘുനാഥ്
ബി.ജെ.പി.സംസ്ഥാന വെെസ് പ്രസിഡന്റ്
കെട്ടിടനിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് കോർപ്പറേഷൻ ഉറപ്പാക്കണം. എല്ലാ കെട്ടിടങ്ങളിലും അഗ്നിരക്ഷ സംവിധാനമുണ്ടെന്ന് ഉറപ്പാക്കണം. ഇതിന് വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം.
അഡ്വ. കെ.പ്രവീൺകുമാർ
ഡി.സി.സി പ്രസിഡന്റ്
അഗ്നിരക്ഷ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ കൃത്യമായി മൂല്യനിർണയം നടത്തണം. കടകൾക്കുള്ളിൽ ഒഴിച്ചിടേണ്ട സ്ഥലങ്ങളിൽ സാധനങ്ങൾ കുത്തിനിറയ്ക്കരുത്.
മനയത്ത് ചന്ദ്രൻ
ആർ.ജെ.ഡി. സംസ്ഥാന ജന.സെക്രട്ടറി
അഗ്നിരക്ഷ സേനയ്ക്ക് സ്കൈ ലിഫ്റ്റ് നൽകണം. ധാരാളം കെട്ടിടങ്ങളും ആശുപത്രികളുമുള്ള കോഴിക്കോടിന് പ്രത്യേകം പ്രാധാന്യം നൽകണം.
സി.ഇ. ചാക്കുണ്ണി
പ്രസിഡന്റ്, മലബാർ ഡവലപ്മെന്റ് കൗൺസിൽ
ഭരണസ്വാധീനവും കെെക്കൂലിയും നൽകിയാൽ നിയമം കാറ്റിൽ പറത്താമെന്നാണ് സ്ഥിതി. കെട്ടിടങ്ങളിലെ അനധികൃത കൂട്ടിച്ചേർക്കലുകൾ കർശനമായി നിയന്ത്രിക്കണം.
അഡ്വ. എ.വി.അൻവർ
മുസ്ളീം ലീഗ് ജില്ലാ സെക്രട്ടറി
പ്രധാന നിർദ്ദേശങ്ങൾ
അഗ്നിരക്ഷാ സംവിധാനം പരിഷ്കരിക്കണം.
കണിശമായ അവലോകനം നടത്തണം.
കച്ചവട സ്ഥാപനങ്ങളിൽ ആൾതാമസം പാടില്ല.
കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന പാലം പണിയരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |