തൃശൂർ: നഗരം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോർപ്പറേഷന്റെ കെട്ടിടത്തിന് മുകളിൽ നിന്നും മേൽക്കൂര പറന്ന് വീഴുന്നത് കണ്ടു നിന്നവർ ആ കാഴ്ച്ചയുടെ ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. ഏത് സമയവും ആളുകളും വാഹനങ്ങളും ഇടമുറിയാതെ കടന്നു പോകുന്ന സ്ഥലത്ത് ഇത്രയും വലിയ മേൽക്കൂര തകർന്ന് വീണിട്ടും ഒരാൾ പോലും അകപ്പെടാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. അപകടം നടക്കുന്ന സമയത്ത് റോഡ് വിജനമായിരുന്നുവെങ്കിലും അതിന് തൊട്ടുമുൻപ് വരെ ഈ റോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നു പോയിരുന്നു.
പതിച്ചത് ഓട്ടോറിക്ഷയുടെ മുന്നിൽ
ശക്തമായ കാറ്റിൽ മേൽക്കൂര പറന്ന് നിലം പതിക്കുമ്പോൾ തൊട്ടുപിന്നിൽ ഒരു ഓട്ടോ പോകുന്ന ദൃശ്യവും ഉണ്ട്. മേൽക്കൂര വരുന്നത് കണ്ട് ഒാട്ടോ പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിന് പിറകിൽ മറ്റു വാഹനങ്ങളും വരുന്നതായി സി.സി ടിവി ക്യാമറകളിൽ വ്യക്തമാണ്. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവരുടെ മുന്നിലൂടെയാണ് മേൽക്കൂര പറന്ന് നിലത്തുവീഴുന്നത്.
2000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മേൽക്കൂര കാറ്റ് നിന്നതുകൊണ്ട് മാത്രമാണ് എതിർവശത്തെ റോഡിൽ എത്തി നിന്നത്. രണ്ടടി മാറിയുള്ള ഫുട്പാത്തിലേയ്ക്ക് എത്തിയിരുന്നുവെങ്കിൽ വലിയ അപകടത്തിലേയ്ക്ക് വഴിവയ്ക്കുമായിരുന്നു.
ബാരിക്കേഡുകൾ തകർന്നു
ഫുട്പാത്തിനോട് ചേർന്നുള്ള ബാരിക്കേഡുകളിൽ ഒരെണ്ണം മേൽക്കൂര വീണ് തകർന്നു. റോഡിന്റെ നടുവിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പൂർണമായും നശിച്ചു. നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. ഫുട്പാത്തിലൂടെ കാൽനടയാത്രികരും കടന്നുപോകുന്നുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് റോഡ് മുറിച്ചുകടന്ന സ്ത്രീ കരച്ചിലോടെയാണ് ആ രംഗം കണ്ടുനിന്നത്.
അപകട ലിസ്റ്റിൽ ഉള്ള മേൽക്കൂര
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടത്തിന്റെ മേൽക്കൂര താഴേയ്ക്ക് വീഴാവുന്ന വിധത്തിലാണെന്ന് കോർപ്പറേഷൻ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കോർപ്പറേഷൻ ഓഫീസിനോട് ചേർന്നുള്ള സ്വന്തം കെട്ടിടത്തിന് മുകളിലെ മേൽക്കൂര അപകടരമായ നിലയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു.
അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്. മേൽക്കൂരയ്ക്ക് ഇളക്കം ഉണ്ടായിരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അപകടത്തെ കുറിച്ച് പരിശോധിക്കും. ഇത്തരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഫ്ളക്സുകളും ട്രസുകളും പരിശോധിക്കും. വലിയ ദുരന്തമാണ് ഒഴിവായത്.
-എം.കെ.വർഗീസ്, മേയർ
കോർപ്പറേഷൻ ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണ്. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. കോർപ്പറേഷൻ കെട്ടിടത്തിന്റെ മുകളിലെ ട്രസ് മേഞ്ഞ മേൽക്കൂരയുടെ അപകടാവസ്ഥ കൗൺസിലർമാരും പ്രദേശത്തെ വ്യാപാരികളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി എടുത്തില്ല. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം.
-രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്
കോർപ്പറേഷൻ ഭരണ സമിതി ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ്. അപകടാവസ്ഥയിലായ കെട്ടിടങ്ങളടക്കം പൊളിച്ച് മാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സവീകരിക്കുന്നത്. ജനങ്ങളെ ദുരന്തങ്ങളിലേക്ക് തള്ളി വിടുകയാണ്.
-പൂർണിമ സുരേഷ്, ഡിവിഷൻ കൗൺസിലർ
അപകടത്തെ കുറിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കാര്യവും റിപ്പോർട്ടിൽ പരാമർശിക്കും.
-ടി.ജയശ്രീ, തഹസിൽദാർ
അപകടം നടക്കുമ്പോൾ നല്ല മഴ ഉണ്ടായിരുന്നു. അതിനാൽ റോഡിൽ ആളുകൾ ഉണ്ടായിരുന്നില്ല. മേൽക്കൂര ഒന്നടങ്കം പറന്ന് കെട്ടിടത്തിന്റെ എതിർവശത്തേക്ക് നിലംപതിക്കുകയായിരുന്നു.
-മൊയ്തുട്ടി, പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ
അപകടാവസ്ഥ ഞങ്ങളറിഞ്ഞില്ലല്ലോ..!
തൃശൂർ: കഴിഞ്ഞ മാസം 22നുണ്ടായ ചുഴലിക്കാറ്റിൽ മേൽക്കൂരയുടെ ഒരു തൂൺ കോൺക്രീറ്റ് അടർന്ന് വീണ് താഴേയ്ക്ക് പതിക്കാവുന്ന നിലയിലായിരുന്നു. കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയാണ് മേൽക്കൂര പുനഃസ്ഥാപിച്ചത്. ഉറപ്പില്ലാത്ത വിധത്തിൽ അത് ചെയ്തതിനെ തുടർന്ന് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലുള്ളവരും വ്യാപാരികളും വിഷയം കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിക്കാൻ തയ്യാറായില്ല. അപകടാവസ്ഥ ഉള്ളതായി തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് മേയർ എം.കെ.വർഗീസും കോർപറേഷൻ സെക്രട്ടറിയും പറയുന്നു.
രക്ഷാപ്രവർത്തനത്തിന് ജനപ്രതിനിധികളും
തൃശൂർ: അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് അഗ്നിശമനസേന അംഗങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഓടിയെത്തി. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, മുകേഷ് കൂളപ്പറമ്പിൽ, അനൂപ് കാട, വിനേഷ് തയ്യിൽ, സന്തോഷ്, ആന്റോ മോഹൻ, പൂർണിമ സുരേഷ്, ഡേവിഡ് എന്നിവരും രംഗത്തുണ്ടായിരുന്നു. മേയർ എം.കെ.വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, തഹസിൽദാർ ടി.ജയശ്രീ എന്നിവരും എത്തിയിരുന്നു.
കോർപ്പറേഷന്റെ അനാസ്ഥയെന്ന് ബി.ജെ.പി
തൃശൂർ: കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥയാണ് ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടാവാൻ കാരണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ബലക്ഷയം സംഭവിച്ചതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടത്തിലെ വ്യാപാരം നടത്തുന്നവർ അറിയിച്ചിട്ടും അത് വേണ്ട വിധം പരിശോധിക്കാൻ തയ്യാറിയില്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |