വടക്കാഞ്ചേരി: പത്താഴകുണ്ട് ഡാം ചോർന്നൊലിക്കുന്നു. ഇതോടെ ബാരൽ ചോർച്ച പരിഹരിക്കാൻ ചെലവഴിച്ച 1.88 കോടി വെള്ളത്തിലായി. വെള്ളം സംഭരിക്കാൻ ഡാമിന് കുറുകെ മണ്ണ് കൊണ്ട് തടയണ നിർമ്മിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിച്ചിട്ടും ഡാം നിറയാത്തതും കൽകെട്ടിനുള്ളിലൂടെ വലിയ തോതിൽ ജലം പുറത്തേക്ക് ഒലിച്ചിറങ്ങുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1.88 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഡാം ആണ് നിലവിൽ ചോർന്നൊലിക്കുന്നത്. ശക്തമായ ചോർച്ചമൂലം 2019 ൽ ആണ് ഡാം നവീകരിച്ചത്. നിലവിൽ ഡാമിന്റെ ചോർച്ച ജലം സംഭരണത്തേയും ബാധിച്ചിരിക്കുകയാണ്. എ.സി. മൊയ്തീൻ വടക്കാഞ്ചേരി എം.എൽ.എ ആയിരിക്കുമ്പോഴാണ് ഡാമിന്റെ ചോർച്ച തടയുന്നതിനുള്ള ഇടപെടൽ നടത്തിയത്. പല തവണ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് നവീകരണം ആരംഭിച്ചത്. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് തുക അനുവദിച്ചത്. ഷട്ടറുകൾ പൂർണമായും മാറ്റി സ്ഥാപിച്ചു. ഇതോടൊപ്പം വെള്ളം തുറന്ന് വിടുന്ന ബാരലിൽ പുതിയ സ്റ്റീൽ ഷീറ്റ് പൊതിയുന്ന പ്രവർത്തിയും പൂർത്തിയാക്കിയിരുന്നു. ഡാമിന്റെ ഇടത് വലത് കരകനാൽ അറ്റകുറ്റപ്പണികൾ 40 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കോലഞ്ചേരി സ്വദേശി എൻ.വി.രാജുവായിരുന്നു കരാറുകാരൻ. കഴിഞ്ഞ പ്രളയം തകർത്ത ചീപ്പ്ചിറ ഇതുവരെ നവീകരിച്ചിട്ടില്ല.
മണ്ണിൽ നിർമ്മാണം
മണ്ണ് കൊണ്ട് നിർമ്മിച്ച ഡാമിന് 47 വർഷം പഴക്കമുണ്ട്. തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. ഡാം 1978 ൽ കമ്മീഷൻ ചെയ്തു. 143 മീറ്റർ നീളവും 18.3 മീറ്റർ ഉയരവുമുണ്ട്. വൃഷ്ടിപ്രദേശം 24.28 ഹെക്ടറും സംഭരണ ശേഷി 1.44 ദശലക്ഷം ഘനമീറ്ററും ആണ്. 3075 മീറ്റർ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റർ നീളത്തിലുള്ള വലതുകര കനാലുമുണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉൾപ്പെടുന്ന ഏകദേശം 288 ഹെക്ടർ ആയക്കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |