തൃശൂർ: ഗ്രൂപ്പ് കളിച്ച് തൃശൂരിൽ കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുന്ന മുതിർന്ന നേതാക്കൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്വന്തം അണികൾ തന്നെ ഗ്രൂപ്പ് നേതാക്കളുടെ നിലപാടിനെതിരേ രംഗത്തുവന്നതോടെ പാർട്ടിക്കുള്ളിൽ പുതിയ സമവാക്യം ഉരുത്തിരിയുകയാണ്. കഴിഞ്ഞ ദിവസം നടന്ന സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് കൈയിലുണ്ടായിരുന്നതും നഷ്ടപ്പെടുത്തിയതിന് പിന്നിൽ മുതിർന്ന നേതാക്കളുടെ ഗ്രൂപ്പ് കളിയാണെന്ന് വ്യക്തമായതോടെയാണ് ചർച്ചകൾ സജീവമായിരിക്കുന്നത്.
എ ഗ്രൂപ്പിനെതിരെ ഐ ഗ്രൂപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. എ ഗ്രൂപ്പിനെ നയിക്കുന്ന പി.എ.മാധവന്റെ നീക്കം പാർട്ടിയെ ഇല്ലാതാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐ ഗ്രൂപ്പ് പരസ്യമായി തന്നെ പ്രതികരിച്ചു. നിലവിലെ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റടക്കമുള്ള യുവനിര എ ഗ്രൂപ്പ് വിട്ട് മാറി നിൽക്കാനുള്ള കാരണവും പി.എ.മാധവൻ അടക്കമുള്ള നേതാക്കളുടെ നിലപാടാണ്. എ ഗ്രൂപ്പ് പിളരുകയും ചെയ്തു. കെ.സി.വേണുഗോപാലുമായി അടുത്തതോടെയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ജോസഫ് ടാജറ്റിന് ലഭിച്ചത്. എ ഗ്രൂപ്പിൽ നിന്നിരുന്നെങ്കിൽ ഇപ്പോഴും ഒ.അബ്ദുറഹ്മാൻ കുട്ടിയും പി.എ.മാധവനുമൊക്ക ഡി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലായിരുന്നു.
പാർട്ടി വിലകൊടുക്കേണ്ടി വരുമെന്ന് പ്രവർത്തകർ
സർക്കാരിനെതിരേയുള്ള വികാരം അനുകൂലമാക്കാൻ അവസരം കിട്ടിയിട്ടും നേതാക്കൻമാരുടെ പിടിവാശി മൂലമാണ് കോൺഗ്രസിന് സ്ഥാനം നഷ്ടമായതെന്ന് നേതൃത്വത്തിനും വ്യക്തമായിട്ടുണ്ട്. തൃശൂരിൽ കോൺഗ്രസ് ഭരിച്ചിരുന്ന സർക്കിൾ സഹകരണ യൂണിയൻ സി.പി.എം സ്വന്തമാക്കിയതിന് പിന്നിൽ ഗ്രൂപ്പ് കളിയെന്നാണ് ആരോപണം. ഗ്രൂപ്പ് നേതാക്കളെ ശാസിച്ച് നിർത്തിയില്ലെങ്കിൽ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞടുപ്പുകളിലും പാർട്ടി വില കൊടുക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് പാർട്ടി പ്രവർത്തകർ തന്നെ ഗ്രൂപ്പ് നോക്കാതെ പ്രതികരിക്കാൻ തയ്യാറായിരിക്കുന്നത്. പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൊക്കെ ഗ്രൂപ്പ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സ്ഥിരമായി സ്ഥാനങ്ങൾ നേടുന്ന മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തിയില്ലെങ്കിൽ പാർട്ടി തന്നെ മൂലയ്ക്കിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ഗ്രൂപ്പ് ഭേദമന്യേ പാർട്ടി പ്രവർത്തകർ നേതാക്കളെ അറിയിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |