കൊല്ലം: കാവനാട്- മേവറം പഴയ ദേശീയപാതയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ റെയിൽവേയുടെ നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗത്ത് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ഇന്നലെയാണ് വിള്ളൽ കൂടുതൽ പ്രകടമായത്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി ഇവിടെ കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.
റോഡിന് സമീപത്തായി അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കിനായി ആഴത്തിൽ കുഴിയെടുത്തിരുന്നു. എന്നാൽ മണ്ണിടിയാതിരിക്കാൻ നടപടി സ്വീകരിച്ച ശേഷമാണ് നിർമ്മാണ ജോലികൾ ആരംഭിച്ചതെന്ന് റെയിൽവേ അധികൃതർ പറയുന്നു. വിള്ളൽ ശ്രദ്ധയിൽപ്പെട്ടതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പുതിയകാവ് ക്ഷേത്രത്തിന് എതിർവശം വരെ വിള്ളൽ ഉണ്ടായഭാഗം റിബൺകെട്ടി തിരിച്ചു.
കൂടാതെ മതിലിനോട് ചേർന്ന് മണ്ണും സിമന്റും ഇട്ട് മഴവെള്ളം ഒഴുകിയിറങ്ങാതിരിക്കാൻ മുൻകരുതലും സ്വീകരിച്ചു. പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗത്തിന്റെ അനുമതി വാങ്ങാതെയാണ് നിർമ്മാണം ആരംഭിച്ചതെന്ന് ആരോപണമുണ്ട്. എൻ.എച്ച് വിഭാഗം അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നൽകി. കളക്ടറുടെ അദ്ധ്യക്ഷതയിൽ റെയിൽവേ ചീഫ് എൻജിനീയറുടെ ഉൾപ്പടെ സംയുക്ത ചർച്ച നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി എൻ.എച്ച് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |