കൊല്ലം: കാലവർഷം ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം മന്ദഗതിയിൽ. ഈ മാസം 27 ഓടെ കാലവർഷം എത്തുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും 25നകം മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതാണ്. പക്ഷേ, ജില്ലയിൽ അമ്പത് ശതമാനം പോലും പിന്നിട്ടിട്ടില്ല.
മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ, പുഴകൾക്ക് മുകളിലായി ചെറുപാലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ തടസങ്ങൾ നീക്കാനും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനും നിർദേശം നൽകിയിരുന്നെങ്കിലും ഈ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. കോർപ്പറേഷൻ പരിധിയിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന മേഖലകൾ പ്രത്യേകം പരിശോധിക്കണമെന്നിരിക്കെ, ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന നഗരത്തിലെ പല ഇടങ്ങളിലും പ്രാഥമിക ഘട്ട പരിശോധനകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പൊതുഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നാണ് നിർദ്ദേശമെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല.
ദേശീയപാതയിൽ ജാഗ്രത വേണം
ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന ഇടങ്ങളിൽ വെള്ളക്കെട്ടിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കൊട്ടിയം, ചാത്തന്നൂർ, കല്ലുവാതുക്കൽ ഭാഗങ്ഹളി ഓട, ഡ്രെയിനേജ് എന്നിവ നിർമ്മിക്കണം. ജലമൊഴുക്ക് തടസമില്ലാതെയാക്കണം. ഇവിടങ്ങളിൽ മാലിന്യം അടിഞ്ഞുകൂടാൻ ഇടവരരുത്. സർവീസ് റോഡുകളിലൂടെ ഗതാഗതം അനുവദിക്കുമ്പോൾ ചാത്തന്നൂർ, അയത്തിൽ, കാവനാട്, മേവറം, ചവറ, കരുനാഗപ്പള്ളി തുടങ്ങിയ ഇടങ്ങളിൽ അധിക ട്രാഫിക് വാർഡൻമാരെ നിയോഗിക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
ജില്ലാ ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശങ്ങൾ
സ്‌കൂൾ പരിസരത്തെ അപകട സാദ്ധ്യത പരിഹരിക്കണം
സ്കൂൾ വാഹനങ്ങളുടെ, കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം
മഴക്കാല രോഗങ്ങൾക്ക് മരുന്നുകൾ ഉറപ്പാക്കണം
ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സംരക്ഷണം
കൊതുക് നിർമാർജ്ജനം വ്യാപകമാക്കണം
ഓടകൾ, നീർച്ചാലുകൾ, പൊതുജലാശയങ്ങൾ എന്നിവ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കണം
ജില്ലാ- താലൂക്ക്തല എമർജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം
എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധികജലം ഒഴുക്കണം
സ്കൂൾ തുറക്കുമ്പോൾ ബോട്ടുകൾ, ചപ്പാത്തുകൾ, നീർച്ചാലുകൾ എന്നിവ കടന്ന് വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധവേണം.
ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |