ചാത്തന്നൂർ: ഫുഡ് സേഫ്ടി വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി കല്ലുവാതുക്കൽ പഞ്ചായത്തിലേ മത്സ്യ വില്പനശാലകളിലും തട്ടുകടകളിലും നടത്തിയ റെയ്‌ഡിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. കുളമടയിൽ വഴിയോരത്തു വിൽക്കുകയായിരുന്ന 15 കിലോ ചൂരയും 5 കിലോയോളം ചാളയും ഫുഡ് സേഫ്ടി വിഭാഗത്തിന്റെ സഞ്ചരിക്കുന്ന ലാബിൽ പരിശോധിച്ചപ്പോഴാണ് ഉപയോഗ യോഗ്യമല്ലെന്ന് ബോദ്ധ്യമായത്. പിടികൂടിയ മത്സ്യം മുഴുവനും നശിപ്പിച്ചു.
ചന്തകളിൽ മണൽ വാരി വിതറി മീനുകൾ വില്പനയ്ക്ക് വച്ചിരുന്നവർക്ക് നോട്ടീ് നൽകി. കുളമടയിൽ തട്ടുകടയിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത് നശിപ്പിക്കുകയും ഹെൽത്ത് കാർഡ്, ലൈസെൻസ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസും നൽകി. കല്ലുവാതുക്കൽ ചന്തയിൽ നിന്ന് 10 കിലോയോളം അഴുകിയ നെത്തോലി പിടിച്ചെടുത്ത് നശിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. സംയുക്ത പരിശോധനയ്ക്ക് ഫുഡ് ഇൻസ്‌പെക്ടർ ആതിര, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി, ബീജ റാണി, ഫാത്തിമ, തുഷാര എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്ന് ആരോഗ്യവകുപ്പും ഫുഡ് സേഫ്ടി വിഭാഗവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |