ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ആരോഗ്യപ്രവർത്തകനായ സഹദേവ് സിംഗ് ഗോഹിലാണ് (28) ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാൾ കച്ചിലാണ് താമസിക്കുന്നത്. പുതുതായി നിർമ്മിച്ചതും നിർമ്മാണത്തിലിരിക്കുന്നതുമായ വ്യോമസേനയുടെയും ബിഎസ്എഫിന്റെയും സൈറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും ഇയാൾ പാകിസ്ഥാൻ ഏജന്റിന് അയച്ചുകൊടുത്തെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) സീനിയർ ഓഫീസർ കെ. സിദ്ധാർത്ഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനി ഏജന്റിന് ബിഎസ്എഫിന്റെയും വ്യോമസേനയുടെയും വിവരങ്ങൾ കൈമാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേയ് ഒന്നിന് സഹദേവ് സിംഗിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വ്യോമസേനയുടെയും ബിഎസ്എഫിന്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും ഏജന്റ് സഹദേവ് സിംഗിനോട് ആവശ്യപ്പെട്ടതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
2023ൽ വാട്‌സാപ്പിലൂടെയാണ് സഹദേവ് സിംഗ്, അദിതി ഭരദ്വാജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഏജന്റുമായി പരിചയത്തിലാകുന്നത്. ഈ വർഷം ആദ്യത്തോടെ സഹദേവ് സിംഗ്, ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങിയിരുന്നു. ആ നമ്പറിൽ അദിതി ഭരദ്വാജുമായി ഒരു ഒടിപി സഹായത്തോടെ വാട്സാപ്പ് സജീവമാക്കി. അതിനുശേഷം ബിഎസ്എഫുമായും വ്യോമസേനയുമായും ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും വീഡിയോകളും ആ നമ്പറിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. വിവരങ്ങൾ പങ്കുവയ്ക്കാൻ സഹദേവ് സിംഗ് ഉപയോഗിച്ച നമ്പറുകൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിപ്പിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് 40,000 രൂപ എത്തിയതായും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |