കൊച്ചി: ഇടവേളയ്ക്ക് ശേഷം ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുന്നു. മേയ് മാസത്തിൽ മാത്രം ജില്ലയിൽ 100ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു. സമീപ ജില്ലയായ കോട്ടയത്ത് 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022 മുതൽ സംസ്ഥാനത്ത് സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദത്തിന്റെ പല ഇനങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്. എൽ.പി. 8.1, എൻ.ബി. 1.8.1 എന്നിവയാണ് സംസ്ഥാനത്തും ജില്ലയിലുമെല്ലാം കൂടുതലായി കാണപ്പെടുന്നത്.
കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. എന്നാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്നുണ്ട്. മഴക്കാലമായതിനാൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും പനിയുമായെത്തുന്നവർ പരിശോധനകൾക്ക് വിധേയരാകുമ്പോഴാണ് കൊവിഡാണെന്ന് തിരിച്ചറിയുന്നതെന്നും അധികൃതർ അറിയിച്ചു.
നേരത്തെ, ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിരുന്നു. എവിടെയെങ്കിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പിനുള്ള നിർദ്ദേശം.
മാസ്‌ക് ഉപയോഗം കൂടുന്നു
കൊവിഡിന് സ്വയം പ്രതിരോധമാണ് വേണ്ടതെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വിദഗ്ദ്ധർ മാസ്‌ക് ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്നും നിർദ്ദേശിക്കുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഇതിനോടകം ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും
കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധവും ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കുടിവെള്ളം മലിനമാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും അവബോധം ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രതിരോധ മാർഗങ്ങൾ
പനിബാധിതർ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യണം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
കുടിവെള്ളം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |