കൊച്ചി: മഴക്കാലത്തിനു മുമ്പ് രണ്ടാം ഘട്ട കടൽഭിത്തി നിർമ്മാണം ആരംഭിക്കുകപോലും ചെയ്യാത്തതിൽ ചെല്ലാനത്ത് വൻ പ്രതിഷേധം. കടൽകയറ്റ പ്രതിരോധത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ എറണാകുളം ദുരന്ത നിവാരണ അതോറിട്ടി പിരിച്ചു വിടുക എന്ന മുദ്രാവാക്യമുയർത്തിയാണ് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ നൂറ് കണക്കിനാളുകൾ കടൽ തീരത്ത് പ്രതിഷേധിച്ചത്.
മഴക്കാലമെത്തിയിട്ടും രൂക്ഷമായ കടൽകയറ്റ ദുരന്തഭീതിയിലുള്ള ചെല്ലാനം കൊച്ചി തീരത്ത് യാതൊരു താത്കാലിക പ്രതിരോധ നടപടികളും സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് സാധിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മേയ് 15 നകം ജിയോബാഗുകൾ കൊണ്ടുള്ള താത്കാലിക ഭിത്തികൾ പണിയുമെന്നും നികന്നു കിടക്കുന്ന തോടുകളിലെ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുമെന്നും ഏപ്രിൽ 11 ന് നടത്തിയ കളക്ടറേറ്റ് മാർച്ചിനെ തുടർന്ന് കളക്ടർ ഉറപ്പ് നല്കിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ചെല്ലാനം കൊച്ചി ജനകീയവേദി ജനറൽ കൺവീനർ വി.ടി. സെബാസ്റ്റ്യൻ പറഞ്ഞു.
പുത്തൻതോടിനു വടക്കോട്ടുള്ള ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും താത്ക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നും മാനാശ്ശേരി-സൗദി-ബീച്ച്‌റോഡ് പ്രദേശങ്ങളെ ഓഫ്ഷോർ ബ്രേക്ക് വാട്ടർ വാൾ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയവേദി കടൽസമരം സംഘടിപ്പിച്ചത്.
പുത്തൻതോട് ഫിഷിംഗ് ഗ്യാപ്പിൽ നടന്ന സമരത്തിൽ കണ്ണമാലി ക്രിസ്തുരാജ പള്ളി വികാരി ഫാ. പ്രമോദ്, ചെല്ലാനം കൊച്ചി ജനകീയവേദി വർക്കിംഗ് ചെയർ പേഴ്സൺ അഡ്വ.തുഷാർ നിർമ്മൽ, സുജഭാരതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |