കണ്ണൂർ : 121 വർഷം പഴക്കമുള്ള ചിറക്കൽ റെയിൽവേ സ്റ്റേഷൻ നഷ്ടത്തിന്റെ പേരിൽ ഇന്ന് അടച്ചുപൂട്ടാനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഒരുക്കുന്നു. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചിറക്കൽ കോവിലകം, തെയ്യസ്ഥാനം, 14 ഏക്കറയിലധികം വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ജലാശയമായ ചിറക്കൽ ചിറ,കിഴക്കേക്കര മതിലകം ക്ഷേത്രമടക്കമുള്ള ക്ഷേത്ര നഗരിയും കേരള ഫോക് ലോർ അക്കാഡമി ആസ്ഥാന മന്ദിരവും കൈത്തറിപ്പെരുമയൊക്കെയുള്ള ചിറക്കൽ ദേശത്തിന്റെ ഗേറ്റ് വേ യായിരുന്നു ചിറക്കൽ റെയിൽവേ സ്റ്റേഷൻ.
ചിറക്കൽ ആയില്യം തിരുന്നാൾ മഹാരാജ മഹാകവി കുട്ടമ്മത്തിനടക്കം വീരശൃംഖല നൽകുന്നതിന് സാക്ഷ്യം വഹിച്ച
ചിറക്കൽ രാജാസ് ഹൈസ്‌കൂളും വിവിധ കൈത്തറിശാലകളും തെരുവുകളും ഇവിടെയാണ്. നൂറ്റാണ്ടു മുമ്പ് ചിറക്കൽ , പുഴാതി, കമ്പിൽ അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യകൈത്തറി ഉത്പന്നങ്ങൾ പുറം ലോകത്തേക്ക് അയച്ചത് ചിറക്കൽ റെയിൽവേ സ്റ്റേഷൻ വഴിയായിരുന്നു. ന്യൂസ്റ്റാർ,രാംലാൽ , ഇന്ത്യൻ ടെക് സ്‌റ്റൈൽ തുടങ്ങിയ കൈത്തറി ശാലകൾ ചിറക്കൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു
ചിറക്കൽ പൈതൃക നഗരിയും യാഥാർത്ഥ്യമാകാനിരിക്കെ റെയിൽവേ സ്റ്റേഷന് പ്രസക്തി വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് അടച്ചു പൂട്ടൽ. ബ്രിട്ടീഷ് മലബാറിൽ പഴയ ചിറക്കൽ താലൂക്ക് ആസ്ഥാനത്ത് 1904 ലാണ് റെയിൽവേസ്റ്റേഷൻ സ്ഥാപിച്ചത്.നിലവിൽ രണ്ട് ട്രെയിനുകൾക്ക് മാത്രമാണ് ചിറക്കലിൽ സ്റ്റോപ്പുള്ളത്. കണ്ണൂർ മംഗളൂരു പാസഞ്ചർ രാവിലെ ഏഴരക്കും രാത്രി എട്ടരക്കും ഇവിടെ നിർത്തും. ഇതിന് പുറമെ വൈകീട്ട് 5.35ന് കണ്ണൂരിൽ നിന്ന് ചെറുവത്തൂരിലേക്ക് പോകുന്ന പാസഞ്ചറാണ് സ്റ്റോപ്പുള്ള ട്രെയിൻ.
പ്രതിമാസം 600 ടിക്കറ്റ് വരെ മാത്രമാണ് ഇവിടെ നിന്ന് നൽകുന്നത്.യാത്രക്കാർ കുറഞ്ഞതും വരുമാന നഷ്ടവും ചുണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് കോഴിക്കോട് വെള്ളറക്കാടും കണ്ണൂർ ചിറക്കൽ സ്റ്റേഷനും അടച്ചുപൂട്ടാൻ സതേൺ റെയിൽവേ തീരുമാനിച്ചത്.
കൂട്ടായ്മ രാവിലെ 11. 30ന്
ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മുറ്റത്ത് ഇന്നു രാവിലെ 11.30 നാണ് ജനകീയ കൂട്ടായ്മ.യോഗത്തിൽ നിർദ്ദേശിക്കുന്ന കാര്യങ്ങൾ റെയിൽവേ അധികൃതർക്കും സർക്കാരിനും സമർപ്പിക്കാനാണ് ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി ജനകീയ കൂട്ടായ്മ ഒരുക്കുന്നതെന്ന് ജനറൽ സെക്രട്ടറി സി.കെ.സുരേഷ് വർമ്മ അറിയിച്ചു.
ഇന്ന് രാത്രി പൂട്ട് വീഴും
ഇന്ന് രാത്രി 7.45ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് പൂട്ട് വീഴുന്നത്.സ്റ്റേഷൻ നിർത്തലാക്കാൻ റെയിൽവേയുടെ ഉത്തരവ് വന്നുകഴിഞ്ഞു.വരുമാനം കുറഞ്ഞതിനാൽ ഹാൾട്ടിംഗ് സ്റ്റേഷനായി ചിറക്കൽ ചുരുങ്ങിയിട്ട് മുപ്പതു വർഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |