വീടുകൾ തകർന്നു, വൈദ്യുതി ലൈനുകൾക്ക് നാശം
ആലപ്പുഴ : കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും ജില്ലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും മീതെ പതിച്ചാണ് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായത്. ആലപ്പുഴ നഗരത്തിലും നാട്ടിൻ പുറങ്ങളിലുമുൾപ്പെടെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ദിവസം ചെറുതും വലുതുമായ നൂറോളം മരം വീഴ്ചകളാണ് റിപ്പോർട്ടായത്.
കുട്ടനാട്ടിലുൾപ്പെടെ വലിയ മരങ്ങൾ കടപുഴകി വീടുകൾക്ക് മീതെ പതിച്ച് നാലു വീടുകൾക്ക് കഴിഞ്ഞദിവസം നാശനഷ്ടമുണ്ടായി. ഇതിന് പുറമേ ചേർത്തല, മാരാരിക്കുളം, മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി. ആലപ്പുഴ നഗരം, കുട്ടനാട്, എടത്വ, അമ്പലപ്പുഴ, തോട്ടപ്പള്ളി, കരുവാറ്റ, ഹരിപ്പാട്, മാവേലിക്കര,മാന്നാർ, ചെങ്ങന്നൂർ കായംകുളം തുടങ്ങിയ സ്ഥലങ്ങളിലായി മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. കെ.എസ്.ഇ.ബിയ്ക്ക് 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായായതാണ് പ്രാഥമിക വിവരം.
രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്ത മഴയിൽ ദേശീയ പാത നിർമ്മാണ സ്ഥലമുൾപ്പെടെ വെള്ളവും ചെളിയും നിറഞ്ഞത് നിർമ്മാണ പ്രവർത്തനങ്ങളെയും യാത്രക്കാരെയും ബാധിച്ചു. ദേശീയ പാത മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ വശങ്ങളിലെ വീടുകളും വഴികളും കാലവവർഷത്തിന്റെ തുടക്കത്തിൽതന്നെ വെള്ളക്കെട്ടിലകപ്പെട്ടു. അടിപ്പാതകളിലും വെള്ളം നിറഞ്ഞതോടെ പലയിടങ്ങളിലും റോഡ് മുറിച്ച് കടക്കാനും യാത്രക്കാർ കഷ്ടപ്പെടുന്ന സ്ഥിതിയാണ്.
തീരം കവർന്ന് കടൽ, രണ്ട് വീടുകൾ തകർന്നു
പതിവിലും നേരത്തെയെത്തിയ കാലവർഷത്തിനൊപ്പം കടലും കലിതുളളിയതോടെ തൃക്കുന്നപ്പുഴയിൽ രണ്ട് വീടുകൾ തകർന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് 12-ാം വാർഡിൽ കാട്ടേശേരിൽ സിയാദ്, സഹോദരൻ നൗഷാദ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ശനിയാഴ്ച രാവിലെമുതലുണ്ടായ കടലാക്രമണത്തിൽ ഇവരുടെ വീടിന് സമീപമുണ്ടായിരുന്ന എട്ട് തെങ്ങുകൾ നിലംപൊത്തി. പിന്നാലെ ഇരുവീടുകളുടെയും ബാത്ത് റൂമും വീടിന്റെ ഒരു ഭാഗവും തകരുകയായിരുന്നു. കടൽഭിത്തിയില്ലാത്ത ഇവിടെ കടലാക്രമണം തടയാനായി കടൽഭിത്തി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ നിവേദനങ്ങളെ തുടർന്ന് ജിയോ ബാഗ് സ്ഥാപിക്കാൻ രണ്ട് ലോഡ് മണ്ണിറക്കി നൽകിയെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ലെന്ന് സിയാദും നൗഷാദും വെളിപ്പെടുത്തി. ശനിയാഴ്ച രാവിലെ കടലാക്രമണം തുടങ്ങിയതുമുതൽ വില്ലേജ് ഓഫീസിലും പഞ്ചായത്തിലും വിളിച്ചെങ്കിലും കുടുംബത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതുൾപ്പെടെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് വീട്ടുകാർ ആരോപിച്ചു. ചേലക്കാടിനും പാനൂരിനും പുറമേ തൃക്കുന്നപ്പുഴ പ്രദേശത്തെ പലഭാഗങ്ങളും കടലാക്രമണ ഭീതിയിലാണ്.
കൺട്രോൾ റൂം
നിലവിലെ കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ജില്ലയിൽ കൺട്രോൾ റൂം തുറന്നു ഫോൺ : 7994062552, 9383470561
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |