ആലപ്പുഴ: ജില്ലയിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). കൊവിഡിന്റെ പുതിയ വകഭേദങ്ങളാണ് പടരുന്നത്. കഴിഞ്ഞ ദിവസം പത്തോളം കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു
കൊവിഡ് ഒമിക്രോൺ വകഭേദത്തിന്റെ ഉപവിഭാഗമായ ജെ.എൻ-1 എൽ.എഫ് 7. എൻ.ബി 1.8 എന്നീ വകഭേദങ്ങളാണിപ്പോഴുള്ളത്. ഇവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതിനാൽ ആശങ്കയ്ക്ക് വഴിയില്ല. പുതിയ കേസുകളിൽ വർദ്ധനവുണ്ടെങ്കിലും രാജ്യത്തുടനീളം കാര്യമായ വാക്‌സിനേഷൻ നടന്നിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
പനി, ശ്വാസതടസം, മൂക്കൊലിപ്പ്, തൊണ്ട എരിച്ചിൽ, ചുമ, തളർച്ച തുടങ്ങി ലക്ഷണങ്ങൾ തന്നെയാണ് ജെ.എൻ-1 വകഭേദത്തിനും. കഴിഞ്ഞ വർഷവും ജെ.എൻ വൺ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
ജെ.എൻ-1 വകഭേദം
2023 ആഗസ്റ്റിലാണ് കൊവിഡ് വൈറസിന്റെ ജെ.എൻ- 1 വകഭേദത്തെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞത്. ഒമിക്രോണിന്റെ ഉപവകഭേദമായ ജെ.എൻ വണിന് 30ഓളം രൂപഭേദങ്ങളുണ്ട്.
കുറഞ്ഞ സമയത്ത് കൂടുതൽ പേർക്ക് പകരാവുന്ന വകഭേദമാണിത്. ഗുരുതരമായ രോഗങ്ങളുള്ളവർ, പ്രായമായവർ, കാര്യമായി മരുന്നുകൾ കഴിക്കുന്നവർ, കീമോതെറാപ്പി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കായി ചികിത്സ തേടുന്നവർ തുടങ്ങിയവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം.
മുമ്പ് കൊവിഡ് കാലത്ത് ചെയ്തിരുന്നതുപോലെ തന്നെ സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം
പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിച്ചിരിക്കണം. ആശുപത്രികളിലെത്തുന്നവരും ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കണം.
കൊവിഡ‌് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ എല്ലാവരു ംപ്രതിരോധ നടപടികൾ ആരംഭിക്കണം. നേരത്തെ ചെയ്തിരുന്നതുപോലെ മാസ്ക്, സാനിട്ടൈസർ എന്നിവയെല്ലാം ഉപയോഗിക്കണം
ഡോ. എ.പി. മുഹമ്മദ് ,സംസ്ഥാന ജോയിന്റ് സെക്രട്ടറി
ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |