തിരുവനന്തപുരം:കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പ് സംസ്ഥാനത്ത് 3,950 ക്യാമ്പുകൾ ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കളക്ടർമാരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി കെ രാജൻ സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടു ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ദുരന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ അധികൃതരുടെ നിർദേശമനുസരിച്ച് മാറിതാമസിക്കണം.
എല്ലാ ജില്ലകളിലേയും ദുരന്ത സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം വിലയിരുത്തി. ദുരന്തമുണ്ടായാൽ എവിടേക്ക്, എത്രപേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന കണക്കുകളും തയ്യാറാക്കി. പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണവും ഉണ്ടാകും.
അഞ്ചേകാൽ ലക്ഷം പേരെ
മാറ്റിപ്പാർപ്പിക്കാൻ കഴിയും
3,950 ക്യാമ്പുകളിൽ 5,29,539 പേരെ വരെ പാർപ്പിക്കാൻ കഴിയും വിധത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. പകർച്ച രോഗങ്ങളുടെ സാഹചര്യത്തിൽ ക്യാമ്പുകളിൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള സജീകരണങ്ങളും ഒരുക്കും. അരുമ മൃഗങ്ങളെ കൊണ്ടുവന്നാൽ മറ്റൊരിടത്ത് പാർപ്പിക്കും. ക്യാമ്പുകളിൽ റവന്യു വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ഉദ്യോഗസ്ഥർ നേതൃത്വം നൽകും.
കളക്ടർമാർക്ക്
ഒരു കോടി വീതം
ജില്ലാ കളക്ടർമാർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനാണ് ഈ തുക. ക്യാമ്പുകളുടെ ഒരുക്കങ്ങൾക്കായും ഇതേ തുക അനുവദിച്ചിട്ടുണ്ട്.
25 ലക്ഷം രൂപ വരെ ഇപ്പോൾ എടുത്തു ഉപയോഗിക്കാൻ അനുമതിയും നൽകി.
ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികൾക്ക് മൂന്ന് ലക്ഷം രൂപ വീതവും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിച്ചു.
സേനാംഗങ്ങൾ സജ്ജം
പൊലീസ്, ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ആപ്ത മിത്ര സംഘങ്ങൾ സജ്ജമാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജൂൺ ഒന്നോടെ ഏഴു സംഘങ്ങൾ കൂടി എത്തും. ഇൻഡോ ടിബറ്റൻ ബറ്റാലിയൻ ഫോഴ്സ്,
സി ആർ പി എഫ് തുടങ്ങിയ സേനകളുടെ സേവനവും ലഭിക്കും.
ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള കോളനികളിലും പ്രത്യേക പ്രദേശങ്ങളിലും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ വകുപ്പുമായി ഏകോപനം നടത്തും.
ദേശീയ പാതയുമായി ബന്ധപ്പെട്ട് നിലവിൽ പ്രയാസമുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ച് ഏതെങ്കിലും സ്തംഭനാവസ്ഥയുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തും
കവചം സംവിധാനത്തിലൂടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകും.
സോഷ്യൽ മീഡിയകളിലൂടെ തെറ്റായ സന്ദേശങ്ങൾ കൈമാറിയാൽ നടപടി സ്വീകരിക്കും. ജില്ലാകളക്ടർമാരുടെ ഫേസ് ബുക്ക് പേജുകളിലൂടെയോ, ഫോണിലൂടെയോ അതതു സമയങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് കൈമാറും.
``റവന്യു വിഭാഗത്തിലടക്കം ഉദ്യോഗസ്ഥർ ഒരുകരണവശാലും ജൂൺ രണ്ടുവരെ അവധി എടുക്കരുത്. വളരെ അനിവാര്യമല്ലാത്ത കാര്യങ്ങളിൽ ലീവ് എടുത്തവർ തിരികെ എത്തണം.കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണം.''
- കെ.രാജൻ,
റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |