വെള്ളിക്കുളങ്ങര : റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. കളവ് കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോവുകയും, കേസിൽ ഒരു വർഷം ശിക്ഷ ലഭിച്ചതിലുമുള്ള വൈരാഗ്യത്താൽ റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി വെള്ളിക്കുളങ്ങര പത്തുകുളങ്ങര അയ്യന്തോൾ വീട്ടിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് അബ്ദുൾ റഹ്മാനെയാണ് (57) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പൊലീസിൽ നിന്ന് 17 വർഷം മുമ്പ് വിരമിച്ച മറ്റത്തൂർ അടിപ്പറമ്പിൽ വീട്ടിൽ ചന്ദ്രശേഖരനെ (72) കോടാലിയിലുള്ള ഹോട്ടലിൽ വെച്ച് ആക്രമിച്ച സംഭവത്തിലാണ് മുഹമ്മദ് അബ്ദുൾ റഹ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. 1996ൽ ചന്ദ്രശേഖരൻ വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് മുഹമ്മദ് അബ്ദുൾ റഹ്മാനെ കളവ് കേസിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അബ്ദുൾറഹ്മാനെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് ആക്രമിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ കെ.കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ ജോഷി, എ.എസ്.ഐ ജോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |