കൊല്ലം: ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മഴ കനത്തതോടെ ദേശീയപാതയിലടക്കം മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ 23ന് രാത്രിയിലും ഇന്നലെയുമായി കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പടെ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. കൊട്ടാരക്കര പെരുംകുളത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ രാജപ്പൻ എന്ന കർഷകന്റെ 450 ഓളം ഏത്തവാഴ നശിച്ചു. പുനലൂരിൽ കോട്ടവട്ടം സ്വദേശി മുരളീധരന്റെ അമ്പതോളം വാഴകൾ ഒടിഞ്ഞുവീണു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക കൃഷി നാശം സംഭവിച്ചു. അഞ്ചലിൽ ഇടമുളയ്ക്കൽ സ്വദേശി ഷിഹാബുദ്ദീന്റെ വീടിന്റെ മതിൽ തൊട്ടടുത്ത വീടിന് സമീപത്തേക്ക് ഇടിഞ്ഞുവീണു. പലഭാഗത്തും വൈദ്യുതി മുടങ്ങി.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി താലൂക്കിൽ നാലും പത്തനാപുരത്ത് ഒരുവീടും ഭാഗികമായി തകർന്നു. പുനലൂർ താലൂക്കിൽ ഒരുവീട് പൂർണമായും തകർന്നു. ഇന്നലെ കൊട്ടാരക്കര താലൂക്കിൽ മൂന്ന് വീടും കരുനാഗപ്പള്ളിയിൽ രണ്ട് വീടും പത്തനാപുരത്ത് കണ്ട് വീടും കുന്നത്തൂരിൽ രണ്ട് വീടും ഭാഗികമായി തകർന്നു. കഴിഞ്ഞദിവസം കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമൺ സത്രം ജംഗ്ഷന് സമീപം കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതതടസം നേരിട്ടു. നിലവിൽ ക്യാമ്പ് തുടങ്ങേണ്ട സാഹചര്യം എങ്ങും ഇല്ലെന്നാണ് അധികൃതർ പറയുന്നത്. മഴ ശക്തിപ്രാപിക്കുന്നതിനാൽ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജാഗ്രത പാലിക്കണം
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം
കടലാക്രമണ സാദ്ധ്യത കണക്കിലെടുത്ത് തീരത്തുള്ളവർ ജാഗ്രത പാലിക്കണം
അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം
മലയോരമേഖലയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണം
ബീച്ചുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണം
ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്
മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണം
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം
അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം
വിനോദസഞ്ചാര ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
ഇന്നലെ ലഭിച്ച മഴ
ചവറ- 66.5 മില്ലി മീറ്റർ
കൊല്ലം - 57 മില്ലി മീറ്റർ
പുനലൂർ - 47.2 മില്ലി മീറ്റർ
തെന്മല - 38 മില്ലി മീറ്റർ
ആര്യങ്കാവ് - 35 മില്ലി മീറ്റർ
കാരുവേലിൽ - 21 മില്ലി മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |