കൊല്ലം: കൊല്ലം- കോട്ടപ്പുറം ജലപാതയിൽ സ്ഥിരം ചരക്ക് നീക്കത്തിനൊരുങ്ങി ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ. നിലവിൽ സർവീസിന് യോഗ്യമായ കൊല്ലം- കോട്ടപ്പുറം ജലപാതയിലെ കോട്ടപ്പുറം, മരട്, ആലുവ, വൈക്കം, തണ്ണീർമുക്കം, ആലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം, കൊല്ലം എന്നീ ടെർമിനലുകൾ കേന്ദ്രീകരിച്ച് ചെറുയാനങ്ങൾ അല്ലെങ്കിൽ ബാർജുകൾ ഉപയോഗിച്ചുള്ള സർവീസാണ് ലക്ഷ്യമിടുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് കൊച്ചിയിലേക്ക് കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്ന ചരക്ക് ജലമാർഗമാക്കുകയാണ് സർവീസിന്റെ പ്രധാന ലക്ഷ്യം. എൻ.എച്ച് 66ൽ നിന്ന് കണ്ടെയ്നർ ലോറികളും ചരക്ക് ലോറികളും ഒഴിയുമ്പോൾ ഗതാഗത കുരുക്കിന് നേരിയ ആശ്വാസമുണ്ടാകും. ലോറികളുടെ എണ്ണം കുറയുമ്പോൾ അത്രത്തോളം അന്തരീക്ഷ മലിനീകരണവും കുറയും. ഇതിന് പുറമേ ഇന്ധനങ്ങൾ റോഡ് മാർഗം കൊണ്ടുപോകുമ്പോഴുള്ള അപകടസാദ്ധ്യതയും ഇല്ലാതാകും.
ഒന്നിലധികം ഏജൻസികൾക്ക് സർവീസിനുള്ള അനുമതി നൽകാനാണ് ഷിപ്പിംഗ് കോർപ്പറേഷന്റെ ആലോചന. സർവീസ് ഏറ്റെടുക്കുന്ന ഓപ്പറേറ്റർ തന്നെ ചരക്ക് ഉറപ്പാക്കണം. ചരക്ക് ശേഖരണം, ലോഡിംഗ് എന്നീ ചുമതലകളും ഏജൻസിക്ക് തന്നെയായിരിക്കും. സർവീസ് ആരംഭിക്കാനുള്ള അനുമതി ഇൻലാൻഡ് വാട്ടർ അതോറിറ്റി ഒഫ് ഇന്ത്യ, കേരള മാരിടൈം ബോർഡ് എന്നിവയിൽ നിന്ന് വാങ്ങണം. ഇപ്പോഴുള്ള രണ്ട് ടെർമിനലുകൾക്ക് പുറമേ കാക്കനാട്, ചവറ എന്നിവിടങ്ങളിലെ ടെർമിനലുകളും വൈകാതെ സർവീസിന്റെ ഭാഗമാക്കും.
നിലവിലുള്ള ടെർമിനൽ
കൊല്ലത്തെ ടെർമിനൽ ആശ്രാമത്ത്
1.5 മീറ്റർ ഡ്രാഫ്ടുള്ള വെസലുകൾ ഉപയോഗിക്കാം
100 - 200 മെട്രിക് ടൺ ഭാരം വഹിക്കണം
എല്ലാ കാലാവസ്ഥയിലും സർവീസ് നടത്തണം
ജലപാത വീതി
32 മുതൽ 38 മീറ്റർ വരെ
ആഴം 2 മീറ്റർ
കെ.എം.എം.എല്ലിന് നേട്ടം
കൊച്ചി ട്രാവൻകൂർ ആൻഡ് കൊച്ചിൻ കെമിക്കൽസിൽ നിന്ന് പ്രതിദിനം 100 ടൺ ഹൈഡ്രോ ക്ലോറിക് ആസിഡ് നിലവിൽ ടാങ്കർ ലോറികളിൽ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇതിനായി 8-10 ലോറികൾ കൊച്ചിയിൽ നിന്ന് ചവറയിലേക്കും തിരിച്ചും സഞ്ചരിക്കുന്നു. ചരക്കുനീക്കം ബാർജ് വഴിയാക്കിയാൽ ഇത്രയും ലോറികൾ ഈ റൂട്ടിൽ നിന്ന് ഒഴിവാകും. പകരം ഒരു ബാർജിൽ 200 ടൺ ആസിഡ് ഒരു ട്രിപ്പിൽ എത്തിക്കാം. രണ്ടു ദിവസത്തിലൊരിക്കൽ കൊണ്ടുവന്നാൽ മതിയാവും.ഗതാഗത ചെലവിനത്തിലും കെ.എം.എം.എല്ലിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |