മാഡ്രിഡ് : സീസണിലെ അവസാന മത്സരത്തോടെ സ്പാനിഷ് ഫുട്ബാൾ ക്ളബിനോട് വിടപറഞ്ഞ് സൂപ്പർ താരങ്ങളായ ലൂക്കാ മൊഡ്രിച്ചും ലൂക്കാസ് വസ്ക്വേസും പരിശീലകൻ കാർലോ ആഞ്ചലോട്ടിയും. കഴിഞ്ഞരാത്രി റയൽ സോസിഡാഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ ഈ സീസൺ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ലാ ലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും കയ്യിൽ നിന്നുപോയ സീസണാണ് റയലിനിത്. അതിനൊപ്പമാണ് മദ്ധ്യനിരയിലെ പരിചയസമ്പന്നരും പരിശീലകനും പടിയിറങ്ങുന്നത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വികാരനിർഭര രംഗങ്ങളാണ് കഴിഞ്ഞരാത്രി അരങ്ങേറിയത്. 38.83 മിനിട്ടുകളിലായി കിലിയൻ എംബാപ്പെ നേടിയ ഗോളുകൾക്ക് വിജയിച്ചാണ് റയൽ പിരിഞ്ഞുപോകുന്നവർക്ക് യാത്ര അയപ്പ് നൽകിയത്. 13 വർഷമായി റയലിന് വേണ്ടി കളിക്കുന്ന 39കാരനായ ലൂക്ക മൊഡ്രിച്ച് ക്യാപ്ടന്റെ ആം ബാൻഡണിഞ്ഞാണ് അവസാന മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ 87-ാം മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ഇരുടീമംഗങ്ങളും ചേർന്ന് ഗാർഡ് ഒഫ് ഓണർ നൽകിയാണ് മടക്കിയത്. മത്സരശേഷം ക്ളബ് വിട്ടുപോകുന്നവരെ എടുത്തുയർത്തുകയും ചെയ്തു.
ലൂക്ക മൊഡ്രിച്ച്
ക്രൊയേഷ്യൻ നായകനായിരുന്ന ലൂക്ക 2012ലാണ് ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിൽ നിന്ന് റയലിലെത്തിയത്.
13 വർഷം നീണ്ട റയൽ കരിയറിൽ 394 മത്സരങ്ങൾ കളിച്ചു. 30 ഗോളുകൾ നേടി. 28 കിരീടവിജയങ്ങളിൽ പങ്കാളി.
റയലിന്റെ ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും നാല് ലാ ലിഗ കിരീടങ്ങളിലും നിർണായകപങ്ക് വഹിച്ചു.
തന്റെ ആദ്യകാല കൊയേഷ്യൻ ക്ളബ് ഡൈനമോ സാഗ്രെബോ ഖത്തർ ക്ളബ് അൽ സാദോ പുതിയ തട്ടകം.
ലൂക്കാസ് വസ്ക്വേസ്
സ്പാനിഷ് മിഡ്ഫീൽഡറായ വസ്ക്വേസ് റയലിന്റെ സി,ബി ടീമുകൾക്ക് കളിച്ചശേഷം 2015ൽ സീനിയർ ടീമിലെത്തി .
10 വർഷം നീണ്ട റയൽ കരിയറിൽ 277 മത്സരങ്ങൾ കളിച്ചു. 28 ഗോളുകൾ നേടി. 20 കിരീടവിജയങ്ങളിൽ പങ്കാളി.
പങ്കാളിയായ കിരീടങ്ങളിൽ ആറ് ചാമ്പ്യൻസ് ലീഗുകളും നാലുവീതം ലാ ലിഗകളും യുവേഫ സൂപ്പർ കപ്പും.
സൗദി പ്രൊ ലീഗിലേക്കാണ് വസ്ക്വേസ് ചേക്കേറാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
കാർലോ ആഞ്ചലോട്ടി
യൂറോപ്പിലെ ടോപ്ഫൈവ് ലീഗുകളിലെല്ലാം കിരീടം നേടിയ കാർലോയുടെ റയലിലെ രണ്ടാമൂഴമായിരുന്നു ഇത്.
2013-15 കാലയളവിലായിരുന്നു ആദ്യം കോച്ചായിരുന്നത്. 2021ൽ എവർട്ടണിൽനിന്നെത്തി വീണ്ടും സ്ഥാനമേറ്റെടുത്തു.
രണ്ട് കാലയളവിലുമായി 353 മത്സരങ്ങളിൽ ആഞ്ചലോട്ടി റയലിന്റെ കോച്ചായി.250 വിജയങ്ങൾ,15കിരീടങ്ങൾ.
ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് റയലിൽ നിന്ന് പടിയിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |