കണ്ണൂർ: 121 വർഷത്തെ ചരിത്രം ബാക്കിവച്ച് ചിറക്കൽ റെയിൽവേ സ്‌റ്റേഷന് താഴ് വീണു. ഇന്നലെ രാവിലെ കണ്ണൂർ - മംഗ്ലൂരു പാസഞ്ചർ ട്രെയിൻ നിർത്തിയിരുന്നെങ്കിലും വൈകിട്ട് 5.40ന്റെ കണ്ണൂർ ചെറുവത്തൂർ പാസഞ്ചറും രാത്രി എട്ടുമണിയ്ക്കുള്ള മംഗളൂരു കണ്ണൂർ പാസഞ്ചറും സ്റ്റേഷനിൽ നിർത്താതെ കടന്നുപോകുകയായിരുന്നു.
ഇന്നലെ രാവിലെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരേണ്ടതായിരുന്നെങ്കിലും ദക്ഷിണ റെയിൽവേയിൽ നിന്നുള്ള അന്തിമ ഉത്തരവ് എത്താത്തതിനെ തുടർന്ന് രാവിലെ കണ്ണൂർ മംഗളൂരു പാസഞ്ചർ സ്റ്റേഷനിൽ നിർത്തുകയായിരുന്നു.
സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നതിലുണ്ടായ പ്രതിഷേധം റെയിൽവേ കണക്കിലെടുത്തുവെന്ന പ്രതിഷേധക്കൂട്ടായ്മയുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി വൈകിട്ടത്തെ ട്രെയിനുകളെല്ലാം ഇതുവഴി ചൂളംവിളിച്ച് കടന്നുപോയി.
ഇതിനിടെ സ്റ്റേഷൻ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടെ നിന്നും ഉയരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള റെയിൽവേ സ്‌റ്റേഷനാണ് ചിറക്കൽ. ഇവിടെ സ്റ്റോപ്പുള്ള പാസഞ്ചർ ട്രെയിനുകൾക്ക് അനുവദിച്ച സ്റ്റോപ്പ് നിർത്തലാക്കാനാണ് തീരുമാനമെങ്കിലും തത്വത്തിൽ സ്റ്റേഷൻ പ്രവർത്തനം നിശ്ചലമാകും.
അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് പ്രമുഖർ
ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എം.പി, കെ.വി.സുമേഷ് എം.എൽ. എ, ബി.ജെ.പി. ജില്ലാ നേതൃത്വം തുടങ്ങിയവർ കേന്ദ്ര സർക്കാരിനെയും റെയിൽവേ അധികൃതരെയും സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനം നൽകി. തീരുമാനം പിൻവലിച്ച് യാത്രക്കാർക്കുള്ള സൗകര്യം വർദ്ധിപ്പിക്കാനും കൊവിഡിനു മുൻപ് ചിറക്കലിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാനും റെയിൽവേ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |