ജോലി സ്ഥലങ്ങളിൽ നേരിട്ട ലൈംഗിക ചൂഷണങ്ങൾ വിളിച്ച് പറഞ്ഞ മീടൂ ക്യാംപയിൻ സിനിമ മേഖലയെ ഒന്നടങ്കം പിടിച്ച് കുലുക്കിയ വർഷമായിരുന്നു 2018. അതിൽ ഏറെ ശ്രദ്ധപിടിച്ച് പറ്റിയത് സംവിധായകൻ സുഭാഷ് കപൂറിനെതിരെയുള്ള ലൈംഗിക ആരോപണമയിരുന്നു. ആരോപണം പുറത്ത് വന്നതോടെ നടിക്ക് ഐക്യദാർഢ്യം നൽകുന്നതിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന 'മൊഗുള്‍' എന്ന ചിത്രത്തില്‍ നിന്ന് താനും ഭാര്യ കിരൺ റാവുവും പിന്മാറുകയാണെന്ന് അമീർ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
അമീർഖാന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനം മാറ്റിയിരിക്കുകയാണ് താരം. സുഭാഷ് കപൂറിനൊപ്പം സിനിമ ചെയ്യുമെന്നും, കോടതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് വരെ ഒരു വ്യക്തി നിരപരാധിയാണെന്നും അതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു. താൻ ‘മൊഗളിന്റെ’ ഭാഗമാകില്ലെന്ന് കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
പെട്ടെന്നുള്ള ഈ മാറ്റത്തിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'ഞാനും കിരണുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്, അതിൽ ഞാൻ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനെപ്പറ്റി ആലോചിച്ച് തുടങ്ങുന്ന സമയത്ത് സുഭാഷ് കപൂറിനെതിരെ ഒരു കേസുള്ള കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്ക് തോന്നുന്നു ഇത് അഞ്ചോ ആറോ വർഷം പഴക്കമുള്ള കേസാണ്. ഞങ്ങൾ മാദ്ധ്യമ വാർത്തകൾ അധികം ശ്രദ്ധിക്കാറില്ല. കഴിഞ്ഞ വർഷം, മി-ടു ആരോപണത്തിന്റെ സമയത്ത് ഈ കേസിനെക്കുറിച്ച് പരാമർശം വന്നു. അപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത്. ഞങ്ങൾ അസ്വസ്ഥരായിരുന്നു. ഞാനും കിരണും ഇതിനെക്കുറിച്ച് വളരെ നേരം സംസാരിച്ചു. ഒരാഴ്ചയിലേറെയായി ഞങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു.
ആരോപണം സുഭാഷ് കപൂർ നിഷേധിക്കുകയായിരുന്നു. ജോലിസ്ഥലത്ത് ലൈംഗിക അതിക്രമത്തെക്കുറിച്ച് ലഭിച്ച ഒരു കേസായിരുന്നില്ല ഇത്. അത്തരമൊരു കേസ് ഉണ്ടായിരുന്നെങ്കിൽ, അത് ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റിയിലേക്ക് പോകുമായിരുന്നു, കൂടാതെ നിശ്ചിത സമയത്തിനുള്ളിൽ ഐ.സി.സി കേസിൽ വിധി പറയുമായിരുന്നു. എന്നിരുന്നാലും, ഈ വിഷയം ഒരു കോടതിയുടെ പരിധിയിലായിരുന്നു. കോടതികൾ കൂടുതൽ സമയമെടുക്കുമെന്നാണ് അറിയാൻ സാധിച്ചത്.
ലൈംഗിക അതിക്രമത്തോട് കിരണിനും എനിക്കും സഹിഷ്ണുതയില്ല. അതേസമയം ഐ.സി.സി വിധി, അല്ലെങ്കിൽ കോടതി വിധി ഇല്ലാതെ അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് ഞങ്ങൾ എങ്ങനെ തീരുമാനിക്കും? ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. നാം ആരെയാണ് വിശ്വസിക്കേണ്ടത്? ആരോപണം ഉന്നയിക്കുന്ന വ്യക്തിയേയോ? അതോ കുറ്റാരോപിതനായ വ്യക്തിയേയോ? കേസ് എത്ര കാലം തുടരും? തീരുമാനമെടുക്കാൻ നാം എത്രത്തോളം കാത്തിരിക്കണം? അവസാനം, ഈ അസ്വസ്ഥമായ മാനസികാവസ്ഥയിൽ ഞങ്ങൾക്ക് സിനിമ ചെയ്യാൻ കഴിയില്ലെന്ന നിഗമനത്തിലെത്തി. വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു അത്, സിനിമയിൽ നിന്ന് സ്വയം അകലം പാലിക്കാൻ ഞങ്ങൾ എടുത്ത തീരുമാനം.
തുടർന്ന് കപൂറിനെ സിനിമയിൽ നിന്ന് നീക്കം ചെയ്തു. ടി-സീരീസ് അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചു. അതിനുശേഷം മറ്റ് ചിത്രങ്ങളിൽ നിന്നും കപൂർ ഒഴിവാക്കപ്പെട്ടതായി ഞങ്ങൾ കേട്ടു. ആരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളെ ശരിക്കും വിഷമിപ്പിച്ചു, കാരണം ഞങ്ങളുടെ നടപടി കോടതിയിൽ വിചാരണ ചെയ്യപ്പെടാത്ത ഒരു വ്യക്തിയുടെ ഉപജീവനമാർഗം നഷ്ടപ്പെടാൻ കാരണമായി എന്ന് ഞങ്ങൾക്ക് തോന്നി. അവൻ നിരപരാധിയാണെങ്കിലോ. ഞങ്ങൾ വളരെ വിഷമത്തിലായിരുന്നു. കോടതി ഒരു നിഗമനത്തിലെത്തുന്നതുവരെ, അവനോ അവളോ ജോലി ചെയ്യാൻ അനുവദിക്കേണ്ടതല്ലേ? അങ്ങനെ, ഞങ്ങൾ മാസങ്ങളോളം ഈ പ്രശ്നത്തിലായിരുന്നു. രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, കാരണം എന്റെ പ്രവൃത്തികൾ ഒരു വ്യക്തിയെ തകർത്തുവെന്ന് എനിക്ക് നിരന്തരം തോന്നിക്കൊണ്ടിരുന്നു.
ഏകദേശം നാല് മാസം മുമ്പ്, എനിക്ക് ഐ.എഫ്.ടി.ഡി.എയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ഡയറക്ടറുടെ അസോസിയേഷനാണത്. ജോലിക്കായ് കപൂർ തന്റെ അസോസിയേഷനായ ഐ.എഫ്.ടി.ഡി.എയ്ക്ക് കത്തെഴുതിയിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ, അവർ എനിക്ക് ഒരു കത്ത് അയച്ചു, അദ്ദേഹത്തിന്റെ കാര്യം കഷ്ടമാണെന്നും കോടതി തീരുമാനമെടുക്കുന്നതുവരെ കാത്തിരിക്കണമെന്നുമായിരുന്നു കത്ത്. അത്തരമൊരു സമയം വരെ അയാൾക്ക് ഉപജീവനത്തിനുള്ള അവകാശം നഷ്ടപ്പെടരുത്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല ഇതൊക്കെയായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്റെ തീരുമാനം പുനപരിശോധിക്കാൻ അവർ എന്നോട് അഭ്യർത്ഥിച്ചു. ആ കത്ത് വായിച്ചപ്പോൾ എനിക്ക് കൂടുതൽ കുറ്റബോധം തോന്നി. ഒരുപക്ഷേ, ഞങ്ങൾ ചെയ്യുന്നത് തെറ്റായ കാര്യമാണെങ്കിലോ
പിന്നെ, ഞങ്ങളുടെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് ഒരു കാര്യം കൂടി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. മിസ്റ്റർ കപൂറിനൊപ്പം പ്രവർത്തിച്ച ധാരാളം സ്ത്രീകളെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഒരു ആശയം നേടുകയും അത് സ്വയം പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു, മറ്റ് സ്ത്രീകളും അവനുമായി അസ്വസ്ഥരാണോ? മറ്റേതെങ്കിലും സ്ത്രീക്ക് അസുഖകരമായ എന്തെങ്കിലും അനുഭവം ഉണ്ടോ? അങ്ങനെയാണെങ്കിൽ, കപൂറിനൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പാക്കും.
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച 10-12 ഓളം സ്ത്രീകളുമായി ഞങ്ങൾ കണ്ടുമുട്ടി അല്ലെങ്കിൽ സംസാരിച്ചു. വകുപ്പ് മേധാവികൾ, അസിസ്റ്റന്റ് ഡയറക്ടർമാർ, കോസ്റ്റ്യൂം അസിസ്റ്റന്റുമാർ തുടങ്ങിയവർ ”അവനുമായി ഒരു അസ്വസ്ഥതയും അവർക്ക് അനുഭവപ്പെട്ടില്ലെന്ന് മാത്രമല്ല, അവൻ തന്റെ സെറ്റിലുള്ള എല്ലാവരേയും അദ്ദേഹം വളരെ ശ്രദ്ധയോടെയാണ് നോക്കുന്നതെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്' അമീർ ഖാൻ പറഞ്ഞു.ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |