അഭിനേത്രി, നർത്തകി, മോഡൽ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയാണ് പ്രിയങ്ക നായർ. വെയിൽ, വിലാപങ്ങൾക്കപ്പുറം ,ജലം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ്.തന്റെ ഓണവിശേഷങ്ങളും പുതിയ ചിത്രങ്ങളെക്കുറിച്ചും കേരള കൗമുദി ഓൺലൈനിനോട് മനസുതുറയ്ക്കുകയാണ് പ്രിയങ്കനായർ...
കാനൽനീർ, ഉട്രാൻ എന്നിങ്ങനെ രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.എന്താണ് ചിത്രങ്ങളെപ്പറ്റി പ്രേക്ഷകരോട് പറയാനുള്ളത്?
ജലത്തിന്റെ തമിഴ് പതിപ്പ് കാനൽനീരാണ് ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ സീതാ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഏരീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച ചിത്രം ഈ മാസം 13ന് തീയേറ്ററുകളിലെത്തും.
പിന്നെ റിലീസാകാനുള്ളത് രാജ ഗജിനി സംവിധാനം ചെയ്ത ഉട്രാൻ ആണ്. ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യപികയുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. മലയാളത്തിൽ രണ്ട് പ്രൊജക്ട്സുകൾ സൈൻ ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ജലത്തിലെ സീതാലക്ഷ്മിയാണെന്ന് പല അഭിമുഖങ്ങളിലും താങ്കൾ പറഞ്ഞിട്ടുണ്ട്. സീതാലക്ഷ്മിയെ അത്രയേറെ ഇഷ്ടപ്പെടാൻ എന്താണ് കാരണം?
അത് നല്ല അഭിനയ സാധ്യതയുള്ള വേഷമാണ്. നമ്മുടെ ചുറ്റിലും കാണുന്ന നിസഹായയായ ഒരു സ്ത്രീയാണ് സീതാലക്ഷ്മി. മനുഷ്യന്റെ നിസഹായതയുണ്ട് ആ സ്ത്രീയിൽ. ടീനേജ് മുതൽ മുപ്പത് മുപ്പത്തിരണ്ട് വയസുവരെയുള്ള സീതാലക്ഷ്മിയുടെ ജീവിത കാലഘട്ടമാണ് സിനിമ പറയുന്നത്. പല തരത്തിലുള്ള ഇമോഷണൽ ട്രാവലുള്ള ചിത്രം കൂടിയാണ് ജലം.
വെയിൽ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അന്നുമുതൽ ഇന്ന് വരെയുള്ള സിനിമാ മേഖലയിൽ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
നല്ലതല്ലേ, എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ കൂടുതലാളുകൾ സിനിമ കാണാൻ തീയേറ്ററിലേക്ക് പോകുന്നു. എക്‌സ്പിരിമെന്റ് സിനിമകളെ വളരെ സന്തോഷത്തോടെ ആളുകള്‍ സ്വീകരിക്കുന്നു. കഥയും തിരക്കഥയുമാണ് എന്നും ചിത്രത്തിന്റെ നട്ടെല്ല്. ഒരു കഥയും തിരക്കഥയും ഉണ്ടായിക്കഴിഞ്ഞാൽ കഥാപാത്രങ്ങളുടെ പ്ലേസ്മെന്റ്, പ്രോഡ്യൂസർ അങ്ങനെ ബാക്കിയെല്ലാം ഉണ്ടാകുന്നത് പിന്നീടാണ്. പണ്ട് പല നല്ല സിനിമകൾക്കും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ കിട്ടാതെ പോയിട്ടുണ്ട്. പക്ഷേ ഇന്ന് നല്ല കഥകളുള്ള സിനിമകൾക്ക് പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. കൂടുതൽ സിനിമകളുണ്ടാകുന്നു. പുതു തലമുറയിലുള്ളവർ കൂടുതലായി സിനിമയിലേക്ക് വരുന്നു. സ്ത്രീ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം കൂടുന്നുണ്ട്. ഇത്തരത്തിലുള്ള സ്ത്രീപക്ഷ സിനിമകൾ കൂടുതലായി വരുന്നു. അവിടെ അഭിനേതാക്കളുടെ സാധ്യത ഏറുകയാണ്.
മോഹൻലാൽ, സുരേഷ് ഗോപി, ജയസൂര്യ, ദിലീപ് തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചു, ഇതിൽ ഏറ്റവും കംഫർട്ട് ആർക്കൊപ്പം?
ഇവരുടെയൊക്കെ കൂടെ കംഫാർട്ടാണ്. എല്ലാവരും ഗ്രേറ്റ് ആക്ടേഴ്‌സാണ്. മലയാളി താരങ്ങളുടെ ഏറ്റവും വലിയൊരു പ്രത്യേകത ഞാൻ കണ്ടിരിക്കുന്നത് കൂടെ അഭിനയിക്കുന്ന താരങ്ങളെ, അത് പുതിയ കുട്ടിയായാലും എക്‌സ്പീരിയന്‍സിഡ് ആയ വ്യക്തിയായാലും എല്ലാവരെയും നല്ല കംഫര്‍ട്ടാക്കും എന്നതാണ്. അപ്പോള്‍ അവരുടെ ചിന്ത നമ്മള്‍ ചെയ്യുന്ന സീൻ ഗംഭീരമാകണമെന്നതാണ്. ഒപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയുടെ അഭിനയം കൂടി ഗംഭീരമായാൽ മാത്രമേ ആ സീൻ ഗംഭീരമാകുകയുള്ളു. അങ്ങനെ സീനുകൾ ഗംഭീരമാകുമ്പോഴാണ് ചിത്രവും മനോഹരമാകുന്നത്. എല്ലാവരെയും സപ്പോട്ട് ചെയ്യാനുള്ള വലിയ മനസ് മലയാള സിനിമ മേഖലയിലെ എല്ലാ താരങ്ങള്‍ക്കുമുണ്ട്.
മമ്മൂക്കയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടില്ല. ഒരുപാട് അവസരങ്ങൾ വന്നിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ചില അവസരങ്ങളിൽ ആ കഥാപാത്രത്തിന് ഞാൻ ആപ്റ്റല്ലാതെ പോയിട്ടുണ്ട്. ഈ അടുത്തകാലത്തൊരു സിനിമ എനിക്ക് നഷ്ടമായി. ഉണ്ട എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന്റെ മെച്യൂരിറ്റി എന്റെ ഇപ്പോഴത്തെ ഫോട്ടോയുമായി യോജിക്കുന്നില്ല. കുറച്ച് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മമ്മൂക്കയുടെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ്, അദ്ദേഹത്തിന്റെ കൂടെ സീൻ ഷെയർ ചെയ്യുകയെന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള നല്ല ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്
കൂടെ അഭിനയിച്ചതിൽ വിസ്മയിപ്പിച്ച നടന്‍ ആരാണ്?
അതിൽ സംശയമെന്താ ലാലേട്ടൻ. ഞാൻ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. ലാലേട്ടനൊപ്പം രണ്ട് സിനിമ ചെയ്യാൻ പറ്റി.അതൊരു ഫാൻ ഗേൾ മൊമന്റാണ്. ലാലേട്ടൻ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഒരു ജന്മ സുകൃതമാണ്. അഭിനയത്തിന്റെ പല തലങ്ങളിലൂടെ പോയി ഒരു നടൻ അഭിനയിക്കുന്നത് കാണുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭയങ്കര സന്തോഷമാണ്.
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട മറ്റൊരു നടൻ ഫഹദ് ഫാസിലാണ്. കൂടെ അഭിനയിച്ചിട്ടില്ല. ഫഹദിന്റെ ഒരു സിനിമ വന്നാൽ മിസ് ചെയ്യാതെ കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അഭിനയത്തിന്റെ മറ്റൊരു തലമാണ് ഫഹദ്.
കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നല്ലോ? ഇപ്പോൾ ഒരു കൈ നോക്കാന്‍ താല്‍പ്പര്യമുണ്ടോ?
കൂടുതൽ സിനിമകൾ ചെയ്യണമെന്നത് മാത്രമാണ് ഇപ്പോഴുള്ള ചിന്ത. നല്ല സിനിമകളുടെ ഭാഗമാകണം. മലയാള സിനിമയിൽ കൂടുതൽ സജീവമാകണം. മുഖ്യധാര സിനിമയിൽ വ്യത്യസ്തമായ അഭിനയ സാധ്യതകളുള്ള വേഷങ്ങൾ ചെയ്യണം. എന്റെ ചിത്രങ്ങൾ ഒരുപാടുപേർ കാണണം. പുതിയ ഒരുപാട് ടീമുണ്ട്, അവരുടെ കൂടെയൊക്കെ വർക്ക് ചെയ്യണം. തീയേറ്റിൽ സിനിമകൾ കാണുമ്പോഴൊക്കെ ഇവരുടെയൊക്കെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ട്. അതായത് മുമ്പ് സിനിമകൾ ചെയ്യണമെന്ന് എത്ര ആഗ്രഹിച്ചോ അതിനേക്കാൾ കൂടുതലാണ് ഇപ്പോൾ.
സിനിമ ജീവിതത്തിലെ ഏതെങ്കിലും തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ?
ഇല്ല. തീരുമാനങ്ങൾ നമ്മൾ എടുക്കുന്ന സമയത്ത് എല്ലാം ശരിയാണ്. പിന്നെ സാഹചര്യങ്ങളനുസരിച്ചാണ് അതിൽ മാറ്റം വരുന്നത്.ചിലപ്പോൾ കഥ കേൾക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെടും. എന്നാൽ അത് തീയേറ്ററിൽ ഹിറ്റാകാതിരിക്കാം. നമുക്ക് ഒരു കഥാപാത്രത്തെ ഒത്തരി ഇഷ്ടമായി,നമ്മൾ അത് ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിന് പോയി.പക്ഷേ സംവിധായകൻ നമ്മളോട് എത്ര നന്നായിട്ടാണോ കഥ പറഞ്ഞിരിക്കുന്നത് അത് പോലെയാകണമെന്നില്ല ഷൂട്ട് ചെയ്യുന്നത്. ആ സിനിമ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ വന്നില്ലെന്ന് വരാം.അത്തരം സന്ദർഭങ്ങളിൽ നമുക്ക് നിരാശ തോന്നാം. എന്ന് കരുതി എടുത്ത തീരുമാനം എടുത്തതാണ്, ചെയ്തത് ചെയ്തതാണ്. അപ്പോൾ അടുത്ത സിനിമ നമ്മൾ കുറച്ച് കൂടി നന്നായി ചെയ്യാൻ ശ്രമിക്കും. ഇതൊക്കെ സിനിമയുടെ ഭാഗമാണ്.
ഓണവിശേഷങ്ങള്‍ എന്തൊക്കെയാണ്?
ഓണത്തിന് നാട്ടിലുണ്ട്. കഴിവതും എല്ലാ ആഘോഷങ്ങളും മകനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |