കൊച്ചി: സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ നിശ്ചയിച്ച് 2025-26 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ജൂൺ 11നകം പുറത്തിറക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
220 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി.കെ.ഷാജി, പി.ടി.എ പ്രസിഡന്റ് മോഹൻദാസ് സൂര്യനാരായണൻ എന്നിവർ നൽകിയ കോടതിഅലക്ഷ്യ ഹർജിയിലാണ് നിർദ്ദേശം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യാഭ്യാസ ചട്ടത്തിലും കുറഞ്ഞത് 220 പ്രവൃത്തി ദിനങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് ഉറപ്പാക്കണമെന്ന് നേരത്തെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.
ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി സർക്കാർ വിദ്യാഭ്യാസ കലണ്ടർ പുനഃക്രമീകരിച്ചെങ്കിലും ഇതിനെതിരെ ചില അദ്ധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഈ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കി. ബന്ധപ്പെട്ട കക്ഷികളെ കേട്ട് തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. ഇതു നടപ്പാക്കാത്തതോടെ ഹർജിക്കാർ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി.
കക്ഷികളെയെല്ലാം കേട്ട് നിയമാനുസൃതം തീരുമാനമെടുക്കണമെന്ന് 2024 സെപ്തംബർ മൂന്നിന് ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചെങ്കിലും നടപ്പാകാത്തതിനാൽ കോടതിഅലക്ഷ്യ ഹർജി നൽകി. രണ്ടു മാസത്തിനകം നടപ്പാക്കാനുള്ള നിർദ്ദേശത്തോടെ കഴിഞ്ഞ മാർച്ച് നാലിന് ഹർജി തീർപ്പാക്കിയെങ്കിലും നടപടിയില്ലാത്തതിനാൽ വീണ്ടും കോടതിഅലക്ഷ്യ ഹർജി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |