ന്യൂഡൽഹി: എളുപ്പത്തിലുളള പണമിടപാടുകൾക്കായി കൂടുതൽ ആളുകളും യുപിഐ ആണ് (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) ഉപയോഗിക്കുന്നത്. വിവിധ ആപ്പുകൾ വഴിയാണ് ദശലക്ഷക്കണക്കിനാളുകൾ യുപിഐ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ അടുത്ത മാസം ആദ്യമുതൽ യുപിഐ പണമിടപാടുകളിൽ ചില മാറ്റങ്ങൾ വരുമെന്ന വിവരമാണ് പുറത്തുവരുന്നത്.
യുപിഐയും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻസ് ഒഫ് ഇന്ത്യയുമാണ് (എൻപിസിഐ) ഉപയോക്താക്കൾക്കായി പുതിയ നിയമങ്ങൾ പുറത്തിറക്കാൻ പോകുന്നത്. യുപിഐ ഇടപാടുകൾ കൂടുതൽ സുരക്ഷിതമായും കാര്യക്ഷമമായും നടപ്പിലാക്കാനാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ നിയമങ്ങൾ വരുന്നതോടെ ഉപയോക്താക്കൾക്ക് യുപിഐ ഇടപാടുകളിൽ ചില നിയന്ത്രണങ്ങളും ഉണ്ടാകും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ഉപയോക്താക്കൾക്ക് ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുളളൂ. ചില അവസരങ്ങളിൽ ഒരു ഉപയോക്താവിന് യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്ന രണ്ട് ആപ്ലിക്കേഷനുകൾ കാണും. ഇവ ഓരോന്നിലും ഒരു ദിവസം 50 പ്രാവശ്യം വീതം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കും, സാധാരണയായി ഉപയോക്താക്കൾക്ക് ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളാണ് ആപ്ലിക്കേഷനുകളിൽ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് പരിശോധിക്കാൻ കഴിയും. എന്നാൽ ഇനിമുതൽ ഒരു ദിവസം പരമാവധി 25 തവണ മാത്രമേ ഇത് പരിശോധിക്കാന്‍ കഴിയുകയുളളൂ.
യുപിഐ ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ പേടിഎം, ഫോൺപേ, ഗൂഗിൾപേ, ആമസോൺ പേ,ക്രെഡ് പോലുളളവയും ബാങ്കുകളുടെ യുപിഐ ആപ്ലിക്കേഷനുകളും സൂക്ഷ്മമായി നിരീക്ഷിക്കാൻ എൻപിസിഐ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ലംഘിക്കുന്നവര്‍ പിഴ, ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനുളള നിയന്ത്രണങ്ങൾ, പുതിയ ഉപയോക്താക്കളെ യുപിഐ ഇടപാടുകളിൽ ഉൾപ്പെടുത്തുന്നതിനുളള നിയന്ത്രണങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |