തിരുവനന്തപുരം/വിഴിഞ്ഞം: അതിശക്ത കാലവർഷക്കാറ്റിലും മഴയിലും വിറങ്ങലിച്ച് തലസ്ഥാന ജില്ല.
വിഴിഞ്ഞത്തു നിന്ന് മൂന്ന് വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ തിരികെയെത്തിയില്ല. തീരത്ത് ആശങ്ക. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തുനിന്ന് പോയ ഒൻപത് പേരാണ് ഇതുവരെയും തിരികെ എത്താത്തത്. ഇന്നലെ രാവിലെ ഇവർ മടങ്ങി എത്തേണ്ടതായിരുന്നു.
സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിൽ ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വള്ളങ്ങളിലായി പോയ റോബിൻസൺ,ഡേവിഡ്സൺ,ദാസൻ,യേശുദാസൻ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്,ജോണി,മത്യാസ്,മുത്തപ്പൻ എന്നിവരുമാണ് ഇന്നലെ വൈകിയും തിരികെ എത്താത്തത്.
ഇവർക്കായുള്ള തെരച്ചിലിനായി വിഴിഞ്ഞത്തു നിന്നുപോയ മത്സ്യത്തൊഴിലാളികൾ ഇവരെ കണ്ടെത്താനാതെ ഇന്നലെ വൈകിട്ട് തമിഴ്നാട് ഭാഗത്ത് കയറി. കടലിൽ കനത്ത കാറ്റും വൻതിരകളുമുള്ളതിനാൽ കൂടുതൽ വള്ളങ്ങളിറങ്ങി തെരച്ചിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഒരാൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതോടെ തീരം ഭീതിയിലാണ്.
കാണാതായവരുടെ ഫോണുകളും സ്വിച്ച് ഓഫാണ്.വള്ളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസ് ഉൾപ്പെടെ ഒൻപത് പേർക്കായി വിഴിഞ്ഞം കാത്തിരിക്കുകയാണ്.
144 വീടുകൾ തകർന്നു
കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ 144 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകൾ ഭാഗികമായും 6 വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 11 പേരെ മാറ്റിപ്പാർപ്പിച്ചു.
നെടുമങ്ങാട് താലൂക്കിൽ 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. കാട്ടാക്കടയിൽ 8 വീടുകളും വർക്കലയിൽ 38 വീടുകളും ഭാഗികമായി തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 52 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു.
നഗരത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുത തൂണുകൾ വീണ്, വൈദ്യുതി വിതരണം തടസപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടെത്തിയ മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി മരങ്ങൾ കടപുഴകി.
തലസ്ഥാനത്തെ ദുരന്തനിവാരണ അതോറിട്ടിയുടെ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു. വാമനപുരം,കിള്ളിയാർ,കരമനയാർ നദിയിൽ ജലനിരപ്പുയർന്നു. നെയ്യാർ,അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. വട്ടിയൂർക്കാവ്, നെട്ടയം കേരള നഗർ, പി.ടി.പി നഗർ, ശാസ്തമംഗലം, അമ്പലമുക്ക്, പൂജപ്പുര, വഴുതക്കാട്, കുറവൻകോണം, വലിയവിള, കുടപ്പനക്കുന്ന്, ജഗതി, അമ്പലമുക്ക്, തിരുമല, തൈക്കാട്, പട്ടം, പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളിലെല്ലാം റോഡുവക്കിലെയും വീടുകൾക്ക് സമീപത്തേയും മരങ്ങൾ കാറ്റിൽ നിലംപൊത്തി. കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി.
കല്ലിയൂർ പഞ്ചായത്തിലെ ഊക്കോട് വാർഡിൽ മരം വീണ് രണ്ടുവീടുകൾ തകർന്നു. നെൽകൃഷിക്കായി വിത്തുപാകിയ വെള്ളായണി നിലമക്കരി പാടശേഖരത്തിൽ വെള്ളം കയറി.
മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ
ഇന്നലെ വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസിന് (45) വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.പുല്ലുവിള കൊച്ചുപള്ളി സ്വദേശി പുഷ്പദാസൻ, വിഴിഞ്ഞം സ്വദേശി മുത്തപ്പൻ(48) എന്നിവർ നീന്തി കരയിലെത്തി. തമിഴ്‌നാട് സ്വദേശി റജിനെയാണ് (40) മറ്റ് വള്ളക്കാർ രക്ഷിച്ച് കരയിലെത്തിച്ചത്. കടലിൽ സ്ഥാപിച്ചിരുന്ന ബോയയിൽ പിടിച്ച് മണിക്കൂറുകളോളം കിടക്കുകയായിരുന്നു ഇയാൾ.
പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്റണി തദയൂസ്(52) ആണ് ഇന്നലെ മരിച്ചത്.ഇയാളുടെ മൃതദേഹം പൂവാർ ഭാഗത്തെ തീരത്ത് അടിയുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.ഭാര്യ: പുഷ്പലിലി. മക്കൾ:ബിജു, അജിത്ത്,സുജിമോൾ. മരുമകൻ:സാം.വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |