കോഴിക്കോട്: വെള്ളയിൽ പുതിയകടവിലെ 'എഫ്.സി ഷാഡോസ്' ഇപ്പോൾ വെറും കുട്ടിക്കൂട്ടമല്ല,നാട്ടിലെ ഹീറോകളാണ്. ധൈര്യവും സാമർത്ഥ്യവും കൊണ്ട് കൺമുന്നിൽ നിന്ന് കൂട്ടുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരെ എറിഞ്ഞ് വീഴ്ത്തിയ സ്മാർട്ട് ബോയ്സ്. പുതിയകടവ് സ്വദേശികളായ മിഥിലാജ് (20),സെെനുൽ ആബിദ് (14),ഇനാൻ (14),റംഷീദ് കെ (15),മുഹമ്മദ് ബാദുഷ (14),മുഹമ്മദ് സിനാൻ (13),അജ്മൽ റോഷൻ (13),മുഹമ്മദ് നിഷാദ് (14),മുഹമ്മദ് നബീൽ (14)എന്നിവരാണ് കൂട്ടുകാരനായി പോരാടിയത്. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസുകാരനെ ഇന്നലെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.കുട്ടി നിലവിളിച്ചപ്പോൾ കൂട്ടുകാർ ഓടിയെത്തി കെെയിൽ കിട്ടിയ കല്ലുകളെടുത്ത് എറിയുകയും ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് കണ്ടെത്തി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.കുട്ടികളുടെ പരാതിയിൽ മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് അറസ്റ്റിലായത്.
ഏഴുവയസുകാരൻ പുതിയ കടവിലെ ഉമ്മയുടെ വീട്ടിലെത്തി കളിക്കാനായി 12 മണിയോടെ കുട്ടിപ്പട്ടാളത്തോടൊപ്പം പുറത്തിറങ്ങിയതായിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ കെട്ടിയ പോത്തിന് തീറ്റ കൊടുത്ത് റോഡിനരികിൽ നിറുത്തിയിട്ട ഓട്ടോറിക്ഷയുടെ സമീപം കുട്ടികൾക്കോപ്പം വിശ്രമിക്കുകയായിരുന്നു. ഓട്ടോയുടെ കമ്പിയിൽ പിടിച്ച് നിൽക്കുകയായിരുന്ന കുട്ടിയെ അതുവഴി ശ്രീനിവാസനൊപ്പം ആക്രി ശേഖരിച്ച് വരികയായിരുന്ന ലക്ഷ്മി വയറിൽ പിടിച്ച് പൊക്കി ചാക്കിലിടാൻ ശ്രമിക്കുകയായിരുന്നെന്ന് കുട്ടികൾ പറഞ്ഞു.ഒന്ന് പതറിയെങ്കിലും കുട്ടികൾ ഉടനെ ഒച്ചവെക്കുകയും കെെയിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുകയായിരുന്നു.
കുട്ടികൂട്ടം മിടുക്ക് കാട്ടിയ സംഭവങ്ങൾ ഇതുമാത്രമല്ല. നാട്ടിലെ തങ്ങളുടെ കൈയെത്തും ദൂരത്തുള്ള എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടിട്ടുണ്ട് ഈ ഒമ്പതംഗ സംഘം. അഭിനന്ദന പ്രവാഹവുമായി നാട്ടുകാരും അദ്ധ്യാപകരും എത്തിയതോടെ ആഹ്ലാദതിമിർപ്പിലാണിവർ. ആർക്കെന്ത് സംഭവിച്ചാലും ഇനിയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ടാകുമെന്നും പറഞ്ഞു. നഗരത്തിലെ ഗണപത് ബോയ്സ് ഹെസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ് ഹെെസ്കൂൾ,ഹിമായത്തുൾ ഇസ്ലാം എച്ച്.എസ്.എസ്, ഗവ.മോഡൽ ഹെെസ്കൂൾ,ആർ.കെ മിഷൻ ഹെെസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളായ ഇവർ പഠനത്തിലും മിടുക്കരാണ്.തങ്ങളുടെ ധീര പ്രവൃത്തി കൂട്ടുകാരോട് പങ്ക് വെക്കാൻ പുതിയ അദ്ധ്യയന വർഷത്തെ കാത്തിരിക്കുകയാണ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |