തിരുവനന്തപുരം:ഏഴരപ്പതിറ്റാണ്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും അടിയന്തരാവസ്ഥ പോലെ ജനാധിപത്യത്തെ ഇല്ലാതാക്കിയ ഭരണത്തിനെതിരെ കടുത്ത പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടും അധികാര ഭ്രമത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ കരുത്തു
കാട്ടിയ നേതാവാണ് കെ.രാമൻപിള്ളയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.
ബി.ജെ.പി.യുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ.രാമൻപിള്ളയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം കൊതിപ്പിക്കാത്ത നേതാവായിരുന്നു പി.പരമേശ്വരൻ.അധികാരത്തെ സാമൂഹ്യബോധത്തോടെ സമീപിക്കണമെന്ന് സൈദ്ധാന്തിക ദീനദയാൽ ഉപാദ്ധ്യായ പറഞ്ഞു.അത്തരം സംസ്ക്കാരത്തിന്റെ ഉത്തമമാതൃകയാണ് രാമൻ പിള്ള. അടിയന്തരാവസ്ഥയ്ക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം കാൽനടയായി സഞ്ചരിച്ച് സമൂഹത്തെ സമരസന്നദ്ധമാക്കിയ മഹത് വ്യക്തിത്വമാണ് രാമൻപിള്ളയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ചടങ്ങിൽ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു.രാമൻപിള്ളയും കേരളത്തിലെ ബിജെപി വളർച്ചയും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തെ കുറിപ്പ് സംസാരിക്കുമ്പോൾ അതിന് അടിത്തറ പാകിയത് രാമൻപിള്ളയെ പോലുള്ളവരുടെ ജീവത്യാഗമാണ്. ഇന്ന് നുണയും വെറുപ്പുമാണ് രാഷ്ട്രീയം രാമൻപിള്ളയും രാജഗോപാലും പ്രവർത്തിച്ച സമയത്ത് അതങ്ങനെയായിരുന്നില്ല.രാഷ്ട്രീയം മലീമസമാകുമ്പോൾ യുവതലമുറ അതിൽ നിന്ന് അകന്നു പോകും.എതിരാളികൾക്ക് പോലും എത്ര ആദരമുണ്ടെന്നതാണ് ഒരു നല്ല നേതാവിന്റെ അളവുകോൽ.അതിൽ വിജയിച്ചയാളാണ് രാമൻപിള്ളയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ വഴികാട്ടി നിൽക്കുന്ന നക്ഷത്രമാണ് രാമൻപിള്ളയെന്ന് മുൻ എം.പി.എ.സമ്പത്ത് പറഞ്ഞു. ഡോ.ജോർജ് ഓണക്കൂർ,കരമന ജയൻ,ഡോ:ടി.പി. ശങ്കരൻകുട്ടിഹനായർ,പ്രൊഫ.പി.കെ. ബാലകൃഷ്ണക്കുറുപ്പ്,അഡ്വ.എസ്.കെ. ബാലചന്ദ്രൻ,മുൻ എം.എൽ.എ.ജോസഫ് എം.പുതുശ്ശേരി,ആറൻമുള ശശി.,വി.ടി. രമ തുടങ്ങിയവരും സംസാരിച്ചു.നവതി സ്മരണിക ഒ.രാജഗോപാൽ പ്രകാശനം ചെയ്തു.ഏറ്റുമാനൂർ രാധാകൃഷ്ണൻ സ്മരണിക ഏറ്റുവാങ്ങി.അശോക് കുമാർ സ്വാഗതവും യു.കെ സോമൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |