ഭോപ്പാൽ: ഇന്ത്യയിലെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് തീവ്രവാദികൾ സ്വയം നാശം വരുത്തിവച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നും മോദി പറഞ്ഞു. ഭോപ്പാലിൽ നടന്ന 'മഹിള സാക്ഷാക്‌തികരൺ മഹാ സമ്മേളൻ' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹല്യബായ് ഹോൽക്കറിന്റെ 300ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
'പഹൽഗാമിൽ തീവ്രവാദികൾ രക്തച്ചൊരിച്ചിലുണ്ടാക്കുക മാത്രമല്ല, മറിച്ച് അവർ നമ്മുടെ സംസ്‌കാരത്തെക്കൂടിയാണ് ആക്രമിച്ചത്. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചു. ഇന്ത്യയുടെ നാരീശക്തിയെ അവർ വെല്ലുവിളിച്ചു. എന്നാൽ ഈ വെല്ലുവിളി തീവ്രവാദികളുടെയും അവരുടെ സ്‌പോൺസർമാരുടെയും നാശത്തിനുതന്നെ കാരണമായി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയതും വിജയകരവുമായ ഓപ്പറേഷനാണ് സിന്ദൂർ. തീവ്രവാദത്തിലൂടെയുള്ള യുദ്ധം ഇനി അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഓപ്പറേഷൻ സിന്ദൂർ. അവരുടെ വീടുകളിലേയ്ക്ക് കടന്നുചെന്ന് വേണമെങ്കിലും നമ്മൾ ആക്രമിക്കും. തീവ്രവാദികളെ സഹായിക്കുന്നവർക്ക് വലിയ വില കൊടുക്കേണ്ടി വരും.
പ്രതിരോധത്തിൽ ഇന്ത്യയുടെ പെൺമക്കളുടെ ശക്തിക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഞങ്ങളുടെ ബിഎസ്എഫ് പെൺമക്കളാണ് അതിർത്തികൾ സംരക്ഷിക്കുകയും ആക്രമണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നുള്ള 17 വനിതാ കാഡറ്റുകൾ അടങ്ങുന്ന ആദ്യ ബാച്ചിന്റെ ഗ്രാജുവേഷൻ ഇന്ത്യൻ സൈന്യത്തിന്റെ ചരിത്ര നിമിഷം കൂടിയാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |