വാടാനപ്പള്ളി: കനത്ത മഴയ്ക്ക് നേരിയ ശമനമായെങ്കിലും ദേശീയപാത നിർമ്മാണത്തെ തുടർന്ന് തോടുകൾ അടച്ച വാടാനപ്പള്ളി നടുവിൽക്കര മേഖല വെള്ളക്കെട്ടിൽ. പ്രദേശത്ത് 50ൽ അധികം വീടുകൾ വെള്ളത്തിൽ. പൊലീസ് സ്റ്റേഷന് കിഴക്ക് പുതിയ പാലം മുതൽ നടുവിൽക്കര വടക്കുമുറി വരെ ദേശീയ പാതക്ക് സമീപമുള്ള വീടുകളിലാണ് വെള്ളക്കെട്ട്. പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിപ്പോകുന്നില്ല. ഒഴുകിയെത്തുന്ന മഴവെള്ളം തോടുകൾ വഴി കനോലി പുഴയിലാണ് എത്തുന്നത്. നേരത്തെ പാടമായിരുന്ന പ്രദേശത്തെ തോടുകൾ ഏറെയും ഹൈവേ നിർമാണത്തെ തുടർന്ന് അടച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും സാധിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വികലാംഗരടക്കമുള്ളവരാണ് വീടുകളിൽ കഴിയുന്നത്. വെളളം ഒഴുക്കിവിടാൻ അടിയന്തിരമായി കാനകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
വെള്ളത്തിന് നിറവ്യത്യാസം
ദിവസങ്ങളോളം പ്രദേശത്ത് വെള്ളം കെട്ടി കിടന്നതിനാൽ വെള്ളത്തിന് നിറവ്യത്യാസമുണ്ട്. വെള്ളത്തിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. പാലത്തിന് കിഴക്ക്, വടക്ക്, മണ്ണാംപുറത്ത് ക്ഷേത്ര പരിസരം, പടിയം ക്ഷേത്രത്തിന് സമീപം, ചക്കാമഠത്തിൽ ക്ഷേത്രത്തിന് കിഴക്ക്, ഹെൽത്ത് സെന്ററിന് പടിഞ്ഞാറ്, മേപ്രങ്ങാട്ട് ക്ഷേത്രത്തിന് കിഴക്ക്, എംഗൽസ് നഗറിന് കിഴക്ക് എന്നിവിടങ്ങളിലാണ് വെളളക്കെട്ട്.
തീരദേശത്തും ഒഴിയാതെ വെളളക്കെട്ട്
കയ്പമംഗലത്തും എടത്തിരുത്തിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനോലി കനാൽ കരകവിഞ്ഞ് സമീപത്തെ പറമ്പുകളിൽ വെള്ളം കയറി. കയ്പമംഗലം ചളിങ്ങാട് പാലിയം താഴം, കൂരിക്കുഴി സലഫിക്ക് വടക്ക്, ഗ്രാമ ലക്ഷ്മി, അയിരൂർ നഗർ, ചെന്ത്രാപ്പിന്നി കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി പപ്പടം നഗർ, എസ്.എൻ. വിദ്യാഭവൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. ഇതോടെ മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുണ്ട്.
കയ്പമംഗലം പഞ്ചായത്തിൽ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു. പള്ളിനട ആർ.സി.യു.പി. സ്‌കൂളിലാണ് പുതിയ ക്യാമ്പ് തുറന്നത്. എട്ടാം വാർഡിലെ പാലിയംചിറ ഭാഗത്ത് നിന്നും 14 പേരും കൂരിക്കുഴി ബാബുൽ ഉലൂം മദ്രസയിലെ ക്യാമ്പിൽ 31 പേരും ചാമക്കാല ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിൽ 23 പേരുമാണുള്ളത്. ക്യാമ്പുകളിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |