കരുനാഗപ്പള്ളി: സ്വകാര്യ ബാങ്കുകാർ സീൽ ചെയ്‌ത വീടിന്റെ പൂട്ട് തുറന്ന് സർട്ടിഫിക്കറ്റുകൾ വീണ്ടെടുത്ത് നൽകി സി.ആർ.മഹേഷ് എം.എൽ.എ. കാഴ്ച നഷ്ടപ്പെട്ട അഴീക്കൽ പനമൂട്ടിൽ അശ്വതി അനിമോനാണ് എം.എൽ.എയുടെ ഇടപെടൽ ആശ്വാസമായത്.
അശ്വതിയുടെ മകളുടെ സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും വീടിനകത്തായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും വീട് തുറക്കാൻ തയ്യാറായില്ല. തുടർന്നാണ് എം.എൽ.എയോട് സഹായം അഭ്യർത്ഥിച്ചത്. ബാങ്ക് അധികൃതരെ ഇന്നലെ എം.എൽ.എ വിളിച്ചുവരുത്തി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും എടുത്തുനൽകുകയായിരുന്നു. തുടർന്ന് വീണ്ടും പൂട്ടി സീൽ ചെയ്‌തു. ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിനാൻസിൽ നിന്ന് നാലുവർഷം മുമ്പ് വീടും വസ്തുവും വാങ്ങാൻ അശ്വതി 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
15 വർഷമായിരുന്നു കാലാവധി. മൂന്നുവർഷത്തിനുള്ളിൽ 6.7 ലക്ഷം രൂപ തിരികെ അടച്ചു. അപ്പോഴേക്കും അശ്വതിയുടെ കാഴ്ച നഷ്ടപ്പെട്ടു.
തമിഴ്നാട്ടിലെ കണ്ണാശുപത്രിയിലായിരുന്നു ചികിത്സ. സാമ്പത്തിക ബാദ്ധ്യതയായതോടെ തിരിച്ചടവ് കുടിശികയായി. ബാങ്ക് അധികൃതർ ജപ്‌തി നോട്ടീസ് നൽകി. ഇതിനിടെ ചികിത്സയ്ക്കായി അശ്വതിയും ഭർത്താവ് അനിമോനും മക്കളും വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 13നാണ് ബാങ്കുകാർ വീട് പൂട്ടി സീൽ ചെയ്‌തത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കയറിക്കിടക്കാൻ ഇടമില്ലാതായി.
അഴീക്കലിലെ സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് ഓച്ചിറ സത്രത്തിൽ വാടകയ്ക്ക് താമസ സൗകര്യം ഒരുക്കി. ഒരു കൈക്കുഞ്ഞും രണ്ട് പെൺമക്കളും ഭർത്താവും അടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം. വീടിനോട് ചേർന്നുള്ള കടയിൽ നിന്നും അനിമോൻ മത്സ്യബന്ധനത്തിന് പോയും കിട്ടുന്ന തുച്ഛവരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |